വത്തക്കാ പ്രസംഗം: “ജാമ്യമില്ലാത്ത ക്രിമിനല്‍ കേസ് ചുമത്താനുള്ള ഭരണകൂട നീക്കം അമിതാധികാര പ്രവണത”, ജൗഹറിന്റേത് അഭിപ്രായപ്രകടനമെന്നും വിടി ബല്‍റാം

വിടി ബല്‍റാം

വത്തക്കാ പ്രസംഗത്തിന്റെ പേരില്‍ ഫറൂഖ് കോളെജ് അധ്യാപകനായ ജൗഹറിനെതിരെ ജാമ്യമില്ലാത്ത ക്രിമിനല്‍ കേസ് ചുമത്താനുള്ള ഭരണകൂടെ നീക്കം അമിതാധികാര പ്രവണതയാണെന്ന് വിടി ബല്‍റാം. ചര്‍ച്ച ചെയ്യുകയും പുച്ഛിച്ച് തള്ളുകയും ചെയ്യേണ്ട ഒരഭിപ്രായത്തെ നിയമത്തിന്റെ കാര്‍ക്കശ്യം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ഒട്ടും യോജിക്കാന്‍ കഴിയുന്ന കാര്യമല്ലെന്ന് ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സ്ത്രീകളുടെ അശുദ്ധിയുടെ പേരുപറഞ്ഞ് ശബരിമല പ്രവേശനത്തെ എതിര്‍ക്കുന്നതും സ്ത്രീവിരുദ്ധതയായി വ്യാഖ്യാനിക്കാവുന്നതാണ്. എന്നാല്‍ അങ്ങനെ അഭിപ്രായപ്പെട്ടതിന്റെ പേരില്‍ നാളിതുവരെ ആര്‍ക്കെതിരേയും ക്രിമിനല്‍ കേസ് എടുത്തതായി കാണുന്നില്ലെന്നും ബല്‍റാം പറഞ്ഞു.

നേരത്തേയും ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ അഭിപ്രായ പ്രകടനങ്ങള്‍ എന്നുപറഞ്ഞ് ബല്‍റാം ലഘൂകരിച്ചിട്ടുണ്ട്. എകെജിക്കെതിരായി വസ്തുതാ വിരുദ്ധമായ പച്ചക്കള്ളം പ്രചരിപ്പിച്ചതിന് ശേഷവും അത് അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് ബല്‍റാം അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പലരും ഇതിനെ ന്യായീകരിച്ചതും അഭിപ്രായപ്രകടനം എന്നതിലൂന്നിയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ മതമൗലിക വാദികള്‍ പടച്ചുവിടുന്ന ആരോപണം അതേപടി ഉന്നയിക്കുകയാണ് പല നേതാക്കളും എന്ന് വ്യക്തം. ശശി കലയേയും പ്രതീഷ് വിശ്വനാഥിനെയും എടുത്തുപറഞ്ഞാണ് ഇസ്‌ലാം മതമൗലിക വാദികള്‍ സര്‍ക്കാറിനെതിരെ തിരിയുന്നത്. എന്നാല്‍ അവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ച കേസുകളില്ല എന്നതാണ് വസ്തുത. കുമ്മനത്തിനെതിരെയും സ്ത്രീത്വത്തിനെ അപമാനിക്കുക എന്ന രീതിയില്‍ കേസില്ല.

ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഫാറൂഖ് കോളേജ് അധ്യാപകൻ ജൗഹറിന്റെ വിവാദ പ്രസംഗത്തിലുള്ളത് സ്ത്രീവിരുദ്ധ പരാമർശങ്ങൾ തന്നെയാണ്. തന്റെ മതത്തിന്റേയോ അതിന്റെ വികലമായ വ്യാഖ്യാനങ്ങളുടേയോ അടിസ്ഥാനത്തിലുള്ള വസ്ത്രധാരണ സങ്കൽപ്പങ്ങളേക്കുറിച്ചായിരിക്കാം, അതിനെ ഏറിയും കുറഞ്ഞും അംഗീകരിക്കുന്ന ഒരു ഓഡിയൻസിനു മുന്നിൽ അദ്ദേഹം പറഞ്ഞത്. ആ നിലയിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോഴും അത്തരം കാഴ്ചപ്പാടുകൾ വച്ചുപുലർത്താത്ത, സ്വന്തം വസ്ത്രധാരണത്തേക്കുറിച്ച് സ്വന്തം നിലക്കുള്ള അഭിപ്രായങ്ങളുള്ള, മറ്റ് എല്ലാ വിദ്യാർത്ഥിനികളേയും മോശക്കാരാക്കി ചിത്രീകരിക്കുന്ന ഒരു ധ്വനി ജൗഹറിന്റെ പ്രസംഗത്തിലുണ്ട് എന്നത് തന്നെയാണ് അതിനെ സ്ത്രീവിരുദ്ധമാക്കുന്നത്. ഏത് വസ്ത്രം ധരിക്കണം, ഏത് ഭക്ഷണം കഴിക്കണം എന്നതൊക്കെ അടിസ്ഥാനപരമായി ഓരോ വ്യക്തിയുടേയും തെരഞ്ഞെടുപ്പാവുന്നതാണ് സാമാന്യ ബോധമുള്ള ഒരു സമൂഹത്തിന്റെ ലക്ഷണം. കുടുംബം, മതം, സ്റ്റേറ്റ് എന്നീ ഇൻസ്റ്റിറ്റ്യൂഷനുകൾക്കും സംസ്‌ക്കാരം, പാരമ്പര്യം, സദാചാരം, വിശ്വാസം തുടങ്ങിയ സങ്കൽപ്പങ്ങൾക്കുമൊക്കെ ഇങ്ങനെയുള്ള വ്യക്തിസ്വാതന്ത്ര്യങ്ങൾക്കുമേൽ ഒരു പരിധിക്കപ്പുറം കടന്നുകയറ്റം നടത്താൻ അവസരമില്ലാതിരിക്കുന്നത് അഭികാമ്യം മാത്രമല്ല, ഒരു ആധുനിക ജനാധിപത്യത്തിന് അനിവാര്യം കൂടിയാണ്.

എന്നാൽ ഇവിടെ ഈ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ ജൗഹറിനെതിരെ ജാമ്യമില്ലാത്ത ക്രിമിനൽ കേസ് ചുമത്താനുള്ള ഭരണകൂട നീക്കം അമിതാധികാര പ്രവണതയാണെന്ന് പറയാതെ വയ്യ. ചർച്ച ചെയ്യുകയും പുച്ഛിച്ച് തള്ളുകയും ചെയ്യേണ്ടുന്ന ഒരഭിപ്രായത്തെ നിയമത്തിന്റെ കാർക്കശ്യം ഉപയോഗിച്ച് അടിച്ചമർത്തുന്നത് ഒട്ടും യോജിക്കാൻ കഴിയാവുന്ന കാര്യമല്ല. സ്ത്രീകളുടെ “അശുദ്ധി”യുടെ പേരുപറഞ്ഞ് ശബരിമല പ്രവേശനത്തെ എതിർക്കുന്നതും സ്ത്രീവിരുദ്ധതയായി വ്യാഖ്യാനിക്കാവുന്നതാണ്. എന്നാൽ അങ്ങനെ അഭിപ്രായപ്പെട്ടതിന്റെ പേരിൽ നാളിതുവരെ ആർക്കെതിരേയും ക്രിമിനൽ കേസ് എടുത്തതായി കാണുന്നില്ല. ഇതിനേക്കാൾ എത്രയോ ഗുരുതരമായ വിഷലിപ്ത പ്രചരണങ്ങൾ കേരളത്തിലുടനീളം നടത്തുന്ന സംഘ് പരിവാർ നേതാക്കൾക്കെതിരെ കേസെടുക്കാനോ അഥവാ പേരിന് കേസെടുത്താൽത്തന്നെ അത് മുന്നോട്ടു കൊണ്ടു പോകാനോ കേരളത്തിലെ ആഭ്യന്തര വകുപ്പിന് കഴിയാതെ പോകുന്നുവെന്നതും നമുക്ക് കാണാതിരിക്കാനാവില്ല.

വർഗീയതക്ക് മുന്നിൽ മുഖം നോക്കാതെ ഇടപെടുന്ന ഇരട്ടച്ചങ്കല്ല, സംഘ് പരിവാറിനു മുൻപിൽ ആവർത്തിച്ച് കീഴടങ്ങുന്ന ഇരട്ടത്താപ്പും ഇരട്ടനീതിയുമാണ് ഇന്ന് കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ മുഖമുദ്ര.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top