വിഎസിന്റെ അനുഗ്രഹം തേടി സജി ചെറിയാന്‍ തലസ്ഥാനത്ത്


തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ തിരുവനന്തപുരത്ത് എത്തി വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചു. വിഎസിന്റെ അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്നും പ്രചരണത്തിന് അദ്ദേഹം ചെങ്ങന്നൂരില്‍ എത്തുമെന്ന് ഉറപ്പ് നല്‍കിയതായും കൂടിക്കാഴ്ചയ്ക്ക് ശേഷം സജി ചെറിയാന്‍ പറഞ്ഞു.

രാവിലെ പത്ത് മണിയോടെ കവടിയാറിലെ വസതിയിലെത്തിയാണ് സജി ചെറിയാന്‍ വിഎസുമായി കൂടിക്കാഴ്ച നടത്തിയത്. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പല ഘട്ടങ്ങളിലും നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് വിഎസ് എന്നും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്നും അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം സജി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചെങ്ങന്നൂരിലെത്തുമെന്ന് വിഎസ് ഉറപ്പ് നല്‍കിയെന്നും സജി ചെറിയാന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍ മാത്രമല്ല, ആനുകാലിക രാഷ്ട്രീയ സംഭവങ്ങളാകെ ചര്‍ച്ചയാകുമെന്നും സജി പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റ ഭരണപരാജയങ്ങളും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളും തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിലയിത്തും.

ബിഡിജെഎസ്, കേരളകോണ്‍ഗ്രസ് എന്നിവരുടെ പിന്തുണ സ്വീകരിക്കുന്നത് സംബന്ധിച്ച രാഷ്ട്രീയ തീരുമാനം എടുക്കേണ്ടത് ഇടതുമുന്നണിയാണെന്ന് സജി പറഞ്ഞു. എന്നാല്‍ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ആരുടെ വോട്ടും താന്‍ വേണ്ടെന്നു പറയില്ലെന്നും സജി കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top