യോഗി സര്‍ക്കാര്‍ 131 കേസുകള്‍ പിന്‍വലിക്കുന്നു; മുസഫര്‍നഗര്‍, ഷംലി കലാപങ്ങള്‍ ഉള്‍പ്പെടും

യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നടന്ന 131 കേസുകള്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ട്. 2013 ലെ മുസഫര്‍നഗര്‍ കലാപവും ഷംലി കലാപവും ഉള്‍പ്പടെയുള്ള കേസുകള്‍ പിന്‍വലിക്കും എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 13 കൊലപാതക കേസുകളും 11 കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട കേസുകളും പിന്‍വലിക്കുന്നതില്‍ ഉള്‍പ്പെടും.

ഇന്ത്യന്‍ നിയമ പ്രകാരം ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേസുകളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. 16 കേസുകള്‍ മതങ്ങള്‍ക്കിയില്‍ ശത്രുത വളര്‍ത്തിയതും രണ്ടെണ്ണം മതങ്ങളെയും അവരുടെ വിശ്വാസങ്ങളേയും അപമാനിക്കാന്‍ ശ്രമിച്ചു എന്നുള്ളതുമാണ്.

2013 ല്‍ മുസഫര്‍നഗറിലും ഷംലിയിലും ഉണ്ടായ കലാപത്തില്‍ 62 ആളുകള്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് വീട് നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. 1,455 പേര്‍ക്കെതിരെ 503 കേസുകളാണ് 2013 ലെ കലാപവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുസഫര്‍നഗര്‍, ഷംലി കലാപങ്ങളില്‍ പ്രതികളായിട്ടുളള ബിജെപി എംപിയായ സന്‍ജീവ് ബല്യാന്‍, എംഎല്‍എ ഉമേഷ് മാലിക് എന്നിവര്‍ കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് യോഗി ആദിത്യനാഥിനെ സമീപിച്ചിരുന്നു. ഹിന്ദുക്കള്‍ പ്രതിയായിട്ടുള്ള 179 കേസുകളും പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരമാണ് കേസുകള്‍ പിന്‍വലിക്കുന്നതെന്നാണ് സൂചന.

കേസുകള്‍ പിന്‍വലിക്കുന്നതില്‍ ആഭിപ്രായം ആരാഞ്ഞ് ഫെബ്രുവരി 23 ന് നിയമവകുപ്പ് സെക്രട്ടറി രാജേഷ് സിംഗ് മുസര്‍ഫര്‍ നഗര്‍, ഷംലി ജില്ലാ അധികാരികള്‍ക്ക് കത്ത് നല്‍കിയിരുന്നു. കേസിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കത്ത് നല്‍കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top