അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യണം; ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും ഇന്നും ലോക്‌സഭയില്‍ ആവശ്യം ഉന്നയിക്കും

ലോക്സഭ

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന് എതിരെ നല്‍കിയ അവിശ്വാസപ്രമേയം ചര്‍ച്ചക്ക് എടുക്കണം എന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും ലോക്‌സഭയില്‍ ഇന്നും ആവശ്യപ്പെടും. ഇന്ന് സഭയില്‍ ഹാജരായിരിക്കണം എന്ന് ആവശ്യപ്പെട്ട് ഇരു പാര്‍ട്ടികളും തങ്ങളുടെ എംപി മാര്‍ക്ക് വിപ്പ് നല്‍കി. എഐഎഡിഎംകെ അംഗങ്ങള്‍ ഉള്‍പ്പെടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന് ഇന്നലെയും അവിശ്വാസപ്രമേയം ചര്‍ച്ചക്ക് എടുക്കാതെയാണ് ലോക്‌സഭ പിരിഞ്ഞത്. വിവിധ കക്ഷികള്‍ നടത്തിയ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും നടപടികളിലേക്ക് കടക്കാതെ പിരിഞ്ഞു.

ആന്ധ്രക്ക് പ്രത്യേക പദവി നല്‍കും എന്ന വാഗ്ദാനം മോദി സര്‍ക്കാര്‍ ലംഘിച്ചു എന്നാരോപിച്ചാണ് വൈഎസ്ആര്‍ കോണ്‍ഗ്രസും, ടിഡിപിയും അവിശ്വാസ പ്രമേയം കൊണ്ട് വരുന്നത്. അന്‍പത് അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ അവിശ്വാസ പ്രമേയത്തിന് ലോക്‌സഭാ സ്പീക്കര്‍ അവതരണ അനുമതി നല്‍കുകയുള്ളൂ. ലോക്‌സഭയില്‍ ടിഡിപക്ക് 15 അംഗങ്ങളും, വൈഎസ്ആര്‍ കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും ആണ് ഉള്ളത്. പ്രമേയത്തിന് പിന്തുണ നല്‍കും എന്ന് കോണ്‍ഗ്രസ്സും ഇടത് പാര്‍ട്ടികളും വ്യക്തമാക്കിയിട്ടുണ്ട്. അതെ സമയം കാവേരി ബോര്‍ഡ് രൂപീകരണം സംബന്ധിച്ച തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്നത് വരെ ലോക്‌സഭാ നടപടികള്‍ തടസ്സപ്പെടുത്തും എന്ന് എഐഎഡിഎംകെ അംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. ബഹളം തുടരുക ആണെങ്കില്‍ ഇന്നും പ്രമേയം ചര്‍ച്ചക്ക് എടുക്കാന്‍ സാധ്യത ഇല്ല.

തുടര്‍ച്ചയായ മൂന്നാം തവണയാണ്  അവിശ്വാസപ്രമേയനോട്ടീസ് ചര്‍ച്ചയ്‌ക്കെടുക്കാനാകാതെ ഇന്നലെയും ലോക്‌സഭ പിരിഞ്ഞത്. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടിഡിപി എന്‍ഡിഎ സഖ്യം വിട്ടതിന് പിന്നാലെയാണ് മാര്‍ച്ച് 16 ന് കേന്ദ്രസര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്. ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ എഐഎഡിഎംകെ അംഗങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച നോട്ടീസ് ചര്‍ച്ചയ്‌ക്കെടുത്തില്ല. ബഹളത്തിനിടയ്ക്ക് നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ സമുത്ര മഹാജന്‍ വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയും സഭ തുടങ്ങിയപ്പോള്‍ എഐഎഡിഎംകെ അംഗങ്ങള്‍ ബഹളം വെക്കുകയായിരുന്നു. കാവേരി നദീജല വിഷയം ഉയര്‍ത്തിയാണ് എഐഎഡിഎംകെ സഭയില്‍ പ്രതിഷേധിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top