കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതില്‍ പ്രതിഷേധം; ഏകദിനം തിരുവനന്തപുരത്തേക്ക് മാറ്റും

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം

തിരുവനന്തപുരം: ഇന്ത്യ-വിന്‍ഡീസ് ഏകദിനമത്സരം കൊച്ചിയില്‍ നിന്ന് മാറ്റിയേക്കും. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് മത്സരം മാറ്റാനാണ് കെസിഎയുടെ തീരുമാനം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്നാണ് കെസിഎ തീരുമാനം മാറ്റുന്നത്.

മത്സരം തിരുവനന്തപുരത്ത് നടത്താന്‍ സര്‍ക്കാര്‍ കെസിഎയോട് നിര്‍ദേശിക്കും. തര്‍ക്കങ്ങള്‍ ഇല്ലാതെ മത്സരം നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് കായികമന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. വേദി മാറ്റുന്നത് സംബന്ധിച്ച് ജിസിഡിഎ-കെസിഎ ഭാരവാഹികളുമായി മന്ത്രി സംസാരിച്ചു. കൊച്ചിയിലെ ടര്‍ഫ് നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഈ വര്‍ഷം നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരത്തിന് കൊച്ചി വേദിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. കേരളത്തിന് അനുവദിച്ച മത്സരം കൊച്ചിയില്‍ നടത്താന്‍ കെസിഎയും ജിസിഡിഎയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ആയത്. എന്നാല്‍ ഫുട്‌ബോള്‍ മത്സരങ്ങളുടെ വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവന്നു. കേരളാ ഫുട്‌ബോള്‍ അസോസിയേഷനും താരങ്ങളും വിമര്‍ശനങ്ങളുമായി രംഗത്തെത്തി.

എതിര്‍പ്പുകള്‍ ശക്തമായതോടെ കലൂര്‍ സ്‌റ്റേഡിയം ക്രിക്കറ്റ് മത്സരത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനം ജിസിഡിഎ പുന:പ്പരിശോധിക്കുകയായിരുന്നു. ഫുട്‌ബോളിന് തടസമാകുമെങ്കില്‍ സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം വേണ്ടെന്നും വിവാദത്തിനില്ലെന്നും ജിസിഡിഎ ചെയര്‍മാന്‍ സിഎന്‍ മോഹനന്‍ പറഞ്ഞു.

2017 ല്‍ ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ഉള്‍പ്പെടെ നടന്ന വേദിയാണ് കലൂര്‍ സ്റ്റേഡിയം. ഐഎസ്എല്ലിലെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടാണ് കൊച്ചി. പൂര്‍ണമായും ഫുട്‌ബോള്‍ ഗ്രൗണ്ടായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ അത് നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഫുട്‌ബോള്‍ പ്രേമികളുടെ നിലപാട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top