കൊച്ചിയുടെ മടിത്തട്ടില്‍ വീണ്ടും ക്രിക്കറ്റ് മാമാങ്കം; ഇന്ത്യ-വിന്‍ഡീസ് ഏകദിനം നവംബറില്‍

ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം കൊച്ചിയില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വിരുന്നെത്തുന്നു. ഇന്ത്യ-വിന്‍ഡീസ് ഏകദിനത്തിനാണ് ഇത്തവണ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തരസ്‌റ്റേഡിയം വേദിയാവുക. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തിലാണ് മത്സരം നടക്കുന്നത്.

ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരയിലെ ഒരു മത്സരം കേരളത്തില്‍ നടക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിന് അനുവദിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ കേരളാ ക്രിക്കറ്റ് അസോസിയേഷനും സ്‌റ്റേഡിയം ഉടമകളായ ജിസിഡിഎയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ മത്സരം കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു.

ഏകദിന പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. ഇതില്‍ അഞ്ചാം മത്സരമാണ് കൊച്ചിയില്‍ നടക്കുന്നത്. മത്സരത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് ജിസിഡിഎ ഉറപ്പുനല്‍കിയിട്ടുണ്ട്. മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി20യുമാണ് വിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്.

ഏറ്റവും ഒടുവില്‍ 2014 ലായിരുന്നു കൊച്ചിയില്‍ അവസാനമായി അന്താരാഷ്ട്ര ഏകദിനമത്സരം നടന്നത്. അന്നും വിന്‍ഡീസായിരുന്നു ഇന്ത്യയുടെ എതിരാളി. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ ഏഴിനായിരുന്നു അവസാനമായി ഒരു അന്താരാഷ്ട്രമത്സരം നടന്നത്. ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി20 മത്സരമായിരുന്നു അന്ന് നടന്നത്. ഒരു വര്‍ഷത്തിനിപ്പുറം വീണ്ടുമൊരു മത്സരം കേരളത്തിലെത്തുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top