“വേലയ്ക്ക് നിന്ന പുലയ സ്ത്രീയില്‍ ഉണ്ടായവനാണ് ഈ വൈദികന്‍”, കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ആരോപണമുയര്‍ത്തുന്ന വൈദികരെ അധിക്ഷേപിച്ച് പിസി ജോര്‍ജ്ജ് (വീഡിയോ)

പിസി ജോര്‍ജ് (ഫയല്‍ ചിത്രം)

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ പിന്തുണച്ചുകൊണ്ട് സംസാരിക്കുന്ന പിസി ജോര്‍ജ്ജ് എംഎല്‍എയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കര്‍ദ്ദിനാളിന്റെ എതിര്‍ ചേരിയില്‍ നില്‍ക്കുന്ന വൈദികരെ ജാതീയമായി അധിക്ഷേപിച്ച് സംസാരിക്കുന്ന പിസി ജോര്‍ജ്ജ് ചില വൈദികരെ അടച്ചാക്ഷേപിക്കുന്നുണ്ട്.

വൈദികരുടെ ഈ നീക്കം സഭയില്‍ വിഘടനത്തിന് കാരണമാകില്ലേ എന്ന ചോദ്യത്തിനാണ് പിസി ജോര്‍ജ്ജ് കടുത്ത ഭാഷയില്‍ മറുപടി നല്‍കുന്നത്. “സഭയില്‍ എന്ത് വിഘടനമുണ്ടാകാനാണ്? ഞാന്‍ പറഞ്ഞില്ലേ, പുലയ സ്ത്രീയില്‍ ജനിച്ചവനാണ് ഈ വൈദികന്‍. അവരൊക്കെ പറഞ്ഞാല്‍ ഇവിടെ കത്തോലിക്കരാരെങ്കിലും കേള്‍ക്കാനുണ്ടോ. അതൊക്കെ അവനൊക്കെ കത്തോലിക്കനാണെന്ന് പറയുന്നത് നാണക്കേടാണ്. അതൊന്നുമില്ലന്നേ”, പിസി പറഞ്ഞു.

“എറണാകുളം അങ്കമാലി രൂപതയിലെ ഈ ചന്തകളായ കുറേ വൈദികരുണ്ട്. അവരുടെയൊക്കെ കുര്‍ബാന പോലും ഇനി ക്രിസ്ത്യാനിയെ കിട്ടാതാകും വലിയ താമസമില്ലാതെ. ഞാന്‍ പറയുമ്പോള്‍ അന്വേഷിക്കട്ടെ. അങ്കമാലിയിലെ ഏറ്റവും പ്രമുഖ കുടുംബത്തിന്റെ പേരാണ് ഈ വൈദികന്. പേരിനോടൊപ്പം ഈ കുടുംബത്തിന്റെ പേരാണ് ഇട്ടിരിക്കുന്നത്. ഈ ചന്തയാകുന്ന ഇവനെങ്ങനെയാ ഈ കുടുംബത്തിലെ മാന്യന്‍. അന്വേഷിച്ചപ്പോഴാ അവിടെ വേലയ്ക്ക് നിന്ന പുലയ സ്ത്രീയില്‍ ഉണ്ടായവനാ പോരേ. അവരുടെ വൈദികനെ, എങ്ങനെ നന്നാകും സഭ?”, പിസി ചോദിച്ചു.

“പണ്ടുകാലത്തൊക്കെ വൈദികരെ തെരഞ്ഞെടുത്തത് വളരെ മാന്യമായി നോക്കിയാ. വൈദികരുടെ എണ്ണം കുറഞ്ഞപ്പോള്‍ ഏത് ചന്തയ്ക്കും വൈദികനാകാം എന്ന നിലവന്നിരിക്കുകയാ. പത്ത് ചക്രം കാണുമ്പോള്‍ ഇവനൊക്കെ ഹാലിളകുകയാണ്. ഇതൊന്നും ശരിയായ നടപടിയല്ല. എറണാകുളം അങ്കമാലി രൂപതയുടെ കാര്യങ്ങള്‍ ക്രൈസ്തവ സഭയ്ക്ക് വലിയ അപമാനം വരുത്തിവച്ചിട്ടുണ്ട്. കോടതിയുടെ ഇടപെടല്‍ പോലും വരുത്തിവച്ച ആ സാഹചര്യം, ഞാന്‍ ചോദിക്കട്ടെ കോടതിയില്‍ പോയി അഞ്ച് ലക്ഷം രൂപ ഫീസ് കൊടുത്ത് വക്കീലിനെ വച്ചിരിക്കുന്നു കര്‍ദ്ദിനാളിനെതിരെ. എവിടുന്നാണ് ഇവനീ അഞ്ച് ലക്ഷം രൂപ കിട്ടിയത്? ഫീസ് കൊടുക്കാന്‍ കാശ് വേണ്ടേ? അപ്പോള്‍ ഇതിനൊക്കെ പുറകില്‍ സമ്പന്നന്മാര്‍ ഉണ്ടോ എന്നതിന് സംശയമുണ്ടോ! ഇതിനൊക്കെയെതിരേ ക്രൈസ്തവ സമൂഹമല്ല, മനസാക്ഷിയുള്ള വിശ്വാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് എന്റെ അഭിപ്രായം”, പിസി ജോര്‍ജ്ജ് പറഞ്ഞു.

പിസി ഒരു എംഎല്‍എയ്ക്ക് ചേരാത്ത വിധത്തില്‍ സംസാരിച്ചുകഴിഞ്ഞതായാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. ഒരു എംഎല്‍എ ഒരിക്കലും ജാതീയമായി അധിക്ഷേപം നടത്തി സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്നും അഭിപ്രായമുയരുന്നു. അദ്ദേഹത്തിന്റെ വീഡിയോ താഴെ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top