ജാര്‍ഖണ്ഡില്‍ ഗോവധം ആരോപിച്ച് നടത്തിയ കൊലപാതകത്തില്‍ 11 പേര്‍ കുറ്റക്കാരെന്ന് കോടതി

ഫയല്‍ ചിത്രം

റാഞ്ചി: ജാര്‍ഖണ്ഡില്‍ ഗോവധം ആരോപിച്ച് നടന്ന കൊലപാതകത്തില്‍ 11 പേര്‍ കുറ്റക്കാരെന്ന് കോടതി. ജാര്‍ഖണ്ഡ് വിചാരണ കോടതിയുടേതാണ് വിധി. ഗോവധത്തിന്റെ പേരില്‍ രാജ്യത്ത് നടന്ന കൊലപാതകങ്ങളില്‍ ആദ്യത്തെ വിധിയാണിത്. പ്രതികള്‍ക്കുള്ള ശിക്ഷ മാര്‍ച്ച് 20ന് വിധിക്കും. ബീഫ് കടത്തിയെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷമാണ് ജാര്‍ഖണ്ഡില്‍ അസ്ഗര്‍ അന്‍സാരിയെന്നയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും വാഹനം കത്തിക്കുകയും ചെയ്തത്. പ്രതികള്‍ക്കെതിരെ ഗൂഡാലോന കുറ്റം തെളിഞ്ഞതായും കോടതി കണ്ടെത്തിയിട്ടുണ്ട്.

ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് തൊട്ടു പിന്നാലെയാണ് ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ജാര്‍ഖണ്ഡിലെ രാംഗട്ട് ജില്ലയില്‍ അലിമുദ്ദിന്‍ എന്ന് വിളിക്കുന്ന അസ്ഗര്‍ അന്‍സാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. അന്‍സാരി മാരുതി വാനില്‍ ബീഫ് കടത്തി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഭജര്‍ദന്ത് ഗ്രാമത്തിന് സമീപമുള്ള ക്ഷേത്രത്തിന് മുന്നില്‍ അലിമുദ്ദിന്റെ വണ്ടി തടഞ്ഞ് നിര്‍ത്തിയാണ് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദനത്തിന് മുതിര്‍ന്നത്. തുടര്‍ന്ന് അലിമുദ്ദിന്‍ സഞ്ചരിച്ച മാരുതി വാന് ഇവര്‍ തീവെച്ചു.

പൊലീസ് ഇയാളെ രക്ഷിച്ച് സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകം മുന്‍ കൂട്ടി ആസുത്രണം ചെയ്തതാണെന്ന് സംശയിക്കുന്നുവെന്ന് എഡിജിപി ആര്‍കെ മാലിക് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. അലിമുദ്ദിന്റെ പേരില്‍ കൊലപാതകക്കേസും, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസും രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും കന്നുകാലി വ്യാപാരികളായ ചിലര്‍ ചേര്‍ന്ന് ഇയാള്‍ക്കെതിരെ നടത്തിയ ഗൂഢാലോചനയാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും എഡിജിപി വെളിപ്പെടുത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top