അവിശ്വാസപ്രമേയ നോട്ടീസ് പരിഗണിച്ചില്ല; ലോക്‌സഭ തിങ്കളാഴ്ത്തേക്ക് പിരിഞ്ഞു

ലോക്സഭ

ദില്ലി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും നല്‍കിയ അവിശ്വാസപ്രമേയ നോട്ടീസ് പരിഗണിക്കാതെയാണ് ലോക്‌സഭ പിരിഞ്ഞത്. ബഹളത്തിനിടയില്‍ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ സുമിത്രാ മഹാജന്‍ സഭ പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്.

ഇന്ന് രാവിലെ ടിഡിപി എന്‍ഡിഎ സഖ്യം വിട്ടതിന് പിന്നാലെയാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടപടികള്‍ ആരംഭിച്ചത്. ലോക്‌സഭ ആരംഭിച്ചപ്പോള്‍ത്തന്നെ പിഎന്‍ബി തട്ടിപ്പ്, ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി എന്നീ വിഷയങ്ങള്‍ ഉയര്‍ത്തി ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, എഐഎഡിഎംകെ, ആര്‍ജെഡി പാര്‍ട്ടി അംഗങ്ങള്‍ ബഹളം വെച്ചു. ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ ആദ്യം ഉച്ചയ്ക്ക് 12 മണിവരെ സഭ നിര്‍ത്തിവെച്ചു.

എന്നാല്‍ 12 മണിക്ക് വീണ്ടും സഭ ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. രാവിലെ തന്നെ വൈഎസ്ആര്‍ കോണ്‍ഗ്രസും എന്‍ഡിഎ വിട്ട ടിഡിപിയും കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കി. നോട്ടീസ് പരിഗണിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ബഹളത്തിനിടയില്‍ പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചുകൊണ്ടുള്ള ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ ലോക്‌സഭയില്‍ ബിജെപി സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ സംയുക്ത ആക്രമണം രൂപപ്പെടുകയായിരുന്നു. ടിഡിപിയും ആന്ധ്രയിലെ പ്രതിപക്ഷകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസും നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി.

2014 ല്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയമാണിത്. സിപിഐഎം, കോണ്‍ഗ്രസ് പാര്‍ട്ടികളും അവിശ്വാസപ്രമേയ നീക്കത്തെ പിന്തുണയ്ക്കുമെന്നാണ് വിവരം. പ്രമേയം അവതരിപ്പിക്കാനുള്ള അനുമതിക്ക് 50 അംഗങ്ങളുടെ പിന്തുണ വേണം. അവിശ്വാസപ്രമേയത്തെ എല്ലാപ്രതിപക്ഷപാര്‍ട്ടികളും പിന്തുണയ്ക്കണമെന്ന് ടിഡിപി ആവശ്യപ്പെട്ടു.

എന്നാല്‍ പ്രതിപക്ഷപാര്‍ട്ടികളെല്ലാം ഒന്നിച്ച് നിന്നാലും ബിജെപി സര്‍ക്കാരിന് തത്കാലം ഭീഷണിയില്ല. ലോക്‌സഭയില്‍ ബിജെപിക്ക് ഇപ്പൊഴും തനിച്ച് കേവലഭൂരിപക്ഷം ഉണ്ട്. കൂടാതെ മറ്റ് സഖ്യകക്ഷികളുടെ പിന്തുണയും ഉണ്ട്. അതിനാല്‍ അവിശ്വാസപ്രമേയം പാസാകാന്‍ പോകുന്നില്ല. എന്നാല്‍ പ്രതിപക്ഷഐക്യം രൂപപ്പെടുന്നത് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാകും.

ഇന്ന് രാവിലെ ചേര്‍ന്ന ടിഡിപി പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് എന്‍ഡിഎ സഖ്യം വിടുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. ആന്ധ്ര മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവാണ് എന്‍ഡിഎ മുന്നണി വിടാനുള്ള തീരുമാനം പാര്‍ട്ടി എംപിമാരെ അറിയിച്ചത്. ലോക്‌സഭയില്‍ 16 ഉം രാജ്യസഭയില്‍ ആറും അംഗങ്ങളാണ് ടിഡിപിയ്ക്ക് ഉള്ളത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ ടിഡിപിയുടെ എംപിമാരുമായും ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തി. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നടപടികളെകുറിച്ചും എംപിമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതായാണ് വിവരം.

അതേസമയം ടിഡിപിയുടെ തീരുമാനത്തെ ബിജെപി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിനെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് ടിഡിപിയുടെ തീരുമാനമെന്ന് ബിജെപി പ്രതികരിച്ചു.

ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി എന്ന വാഗ്ദാനം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപി എന്‍ഡിഎയുമായുള്ള സഖ്യം അവസാനിപ്പിച്ചിരിക്കുന്നത്. അടുത്തിടെ കേന്ദ്രബജറ്റിലെ അവഗണനയില്‍ ഇടഞ്ഞുനില്‍ക്കുകയായിരുന്നു ടിഡിപി. സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിക്കില്ലെന്ന കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അടുത്തിടെ പ്രസ്താവന നടത്തിയതോടെ എന്‍ഡിഎ-ടിഡിപി വേര്‍പിരിയല്‍ പൂര്‍ണമാവുകയായിരുന്നു. കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് മാര്‍ച്ച് എട്ടിന് പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിമാരായിരുന്ന അശോക് ഗജപതി രാജു, വൈഎസ് ചൗധരി എന്നിവര്‍ രാജിവെച്ചിരുന്നു. ഇരുവരും രാജിവെച്ചെങ്കിലും എന്‍ഡിഎ മുന്നണി തത്കാലം വിടില്ലെന്നായിരുന്നു പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു അന്ന് വ്യക്തമാക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top