അയോധ്യയിലെ ഭൂമിതര്‍ക്കം: കേസ് ഭരണഘടനാ ബെഞ്ചിന് വിടുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രിം കോടതി

ഫയല്‍ ചിത്രം

ദില്ലി: അയോധ്യയിലെ തര്‍ക്ക ഭൂമി സംബന്ധിച്ച കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമോ എന്ന കാര്യത്തില്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. അതേസമയം, കേസില്‍ കക്ഷി ചേര്‍ക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ മുഴുവന്‍ അപേക്ഷകളും സുപ്രിം കോടതി തള്ളി. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യം സ്വാമി ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി അനുയോജ്യമായ ബഞ്ച് പരിഗണിക്കുമെന്നും സുപ്രിം കോടതി വ്യക്തമാക്കി.

അയോധ്യ തര്‍ക്കം അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ പരിഗണനക്ക് വിടണമെന്ന് കേസില്‍ മുസ്‌ലിം സംഘടനക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനാണ് ആവശ്യപെട്ടത്. മുസ്‌ലിം മതവിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനക്കായി പള്ളി നിര്‍ബ്ബന്ധമല്ലെന്ന് 1994 ല്‍ ഇസ്മയില്‍ ഫറൂഖി കേസിലെ വിധി ന്യായത്തില്‍ സുപ്രിം കോടതി പറഞ്ഞിട്ടുണ്ട്. ഇതേവിഷയമാണ് അയോധ്യ തര്‍ക്കത്തിലും ഉളളത്. അതിനാല്‍ മുസ്‌ലിം വിശ്വാസികള്‍ക്ക് ആരാധനയ്ക്കായി പള്ളി നിര്‍ബ്ബന്ധമാണോ എന്ന കാര്യത്തില്‍ ഭരണഘടനാ ബെഞ്ച് തീരുമാനം പറയണമെന്നും ധവാന്‍ ആവശ്യപ്പെട്ടു.

കേസില്‍ ഭരണഘടനാ ബഞ്ചിന്റെ ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഉത്തരവിറക്കുന്നതില്‍ വിയോജിപ്പില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ മറുപടി. ആദ്യം പരിഗണിക്കുക ഭരണഘടനാ ബഞ്ച് ആവശ്യമാണെന്നും കോടതി പറഞ്ഞു. തര്‍ക്കത്തില്‍ കേസുമായി ബന്ധമില്ലാത്തവരുടെ അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് കോടതി ആവര്‍ത്തിച്ചു. കേസില്‍ കക്ഷി ചേരാനായി ഫയല്‍ ചെയ്യപ്പെട്ട മുപ്പത്തിരണ്ടോളം അപേക്ഷകള്‍ കോടതി തള്ളി.

അതേസമയം, അയോധ്യയിലെ രാമജന്‍മഭൂമിയില്‍ പ്രാര്‍ത്ഥിക്കാനുള്ള മൗലികാവകാശം സംരക്ഷിക്കണമെന്നാവശ്യപെട്ട് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹര്‍ജി കോടതി അനുയോജ്യമായ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു. കോടതി ആവശ്യപെട്ട പ്രകാരമാണ് കേസില്‍ ഇടപെട്ടതെന്നും റിട്ട് ഹര്‍ജി തള്ളരുതെന്നും സുബ്രഹ്മണ്യം സ്വാമി വാദിച്ചു. തുടര്‍ന്നാണ് അയോധ്യ തര്‍ക്കത്തിനൊപ്പമല്ലാതെ പ്രത്യേകമായി ഹര്‍ജി പരിഗണിക്കാമെന്ന് ബെഞ്ച് തീരുമാനിച്ചത്. അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 13 അപ്പീലുകളാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top