ഇരുട്ടില്‍ തപ്പി പൊലീസ്; നെയ്യാറ്റിന്‍കരയില്‍ മോഷണം തുടര്‍ക്കഥയാകുന്നു

സിസിടിവിയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മോഷണം തുടര്‍ക്കഥയായിട്ടും ഇരുട്ടില്‍ തപ്പി പൊലീസ്. മോഷ്ടാവിന്റെ ചിത്രം സിസിടിവിയില്‍ തെളിഞ്ഞിട്ടും പൊലീസ് അനങ്ങാപ്പാറ നയം തുടരുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മോഷ്ടാവിന്റെ ശല്യം രൂക്ഷമായതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്.

നെയ്യാറ്റിന്‍കരയിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ ഒരു മാസമായി മോഷ്ടാക്കളുടെ ശല്യം രൂക്ഷമാണ്. സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യം പല തവണ പതിഞ്ഞിട്ടും മോഷ്ടാവിനെ പിടികൂടാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. കഴിഞ്ഞ ദിവസം മോഷണ ശ്രമത്തിനിടെ ധനുവച്ചപുരം സ്‌കൂളിന് സമീപം പൊലീസിന്റെ കണ്ണില്‍ മണ്ണുവാരിയിട്ട് മോഷ്ടാവ് രക്ഷപ്പെട്ട സംഭവും ഉണ്ടായി. പൊഴിയൂരില്‍ പൊലീസുകാരനെ ഹെല്‍മെറ്റ് കൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേല്‍പ്പിച്ച ശേഷം മോഷ്ടാവ് രക്ഷപെട്ട സംഭവത്തിലും അന്വേഷണം എങ്ങും എത്തിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

വിവസ്ത്രനായി കൈയില്‍ ചെറിയ കട്ടിംഗ് പ്ലയറും മൊബൈയിലുമായി മോഷണത്തിന് എത്തുന്ന മോഷ്ടാവിന്റ ചിത്രം സിസിടിവിയില്‍ പലതവണ പതിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ തുണി ഉപയോഗിച്ച് തല മുഴുവനും മൂടി കണ്ണുമാത്രം പുറത്തു കാണാവുന്ന വിധത്തിലാണ് മോഷ്ടാവ് ഇറങ്ങുന്നത്. പ്രദേശത്ത് വാഹനം ഉള്‍പ്പടെയുളളവ മോഷണം പോകുന്നതായി നിരവധി കേസുകള്‍ നിലവിലുണ്ടെങ്കിലും പൊലീസ് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മോഷ്ടാവിന്റെ ശല്യം രൂക്ഷമായതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top