ന്യൂനമര്‍ദ്ദ ഭീഷണി നേരിടാന്‍ സംസ്ഥാനം സജ്ജമായതായി മുഖ്യമന്ത്രി

ഫയല്‍ചിത്രം

തിരുവനന്തപുരം: ശ്രീലങ്കയ്ക്ക് സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം ഭീഷണി നേരിടാന്‍ സുസജ്ജമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് കടലില്‍ 65 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റടിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ തീരമേഖലയാണ് കാറ്റിന്റെ ഭീഷണിയിലായിരിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

ന്യൂനമര്‍ദ്ദം ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പുനരധിവാസ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ വകുപ്പുകളെ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ മാസം 15 വരെ ഒരു കാരണവശാലും മത്സ്യതൊഴിലാളികള്‍ കടലില്‍പ്പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലില്‍പ്പോയവരോട് ഉടന്‍ മടങ്ങാന്‍ ഇന്നലെ തന്നെ അറിയിച്ചിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ തുടരുന്നവരെ ഉടന്‍ കരയ്‌ക്കെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തിരമാലകള്‍ മൂന്നുമീറ്റര്‍ വരെ ഉയര്‍ന്നുപൊങ്ങാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നിവടങ്ങളില്‍ ജില്ലാഭരണകൂടങ്ങളുടെ നേതതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം തുറുന്നു. കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തനനിരതമായിരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുതി വകുപ്പ് അധികൃതരോട് പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ഒരു കാരണവശാലും കടലില്‍ പോകരുതെന്ന് കൊച്ചിയിലെ വിനോദ സഞ്ചാരികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരളത്തിലെ എല്ലാ തുറമുഖങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏറ്റവും അപകടസാഹചര്യമായ മൂന്നാം നമ്പര്‍ മുന്നറിയിപ്പാണ് തുറമുഖങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. 45 പേരടങ്ങുന്ന കേന്ദ്ര ദുരന്തനിവാരണ സേന നാളെ സംസ്ഥാനത്ത് എത്തും.

ശ്രീലങ്കന്‍ മേഖലയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ശക്തിപ്രാപിച്ച് കേരള തീരത്തിലൂടെ ലക്ഷദ്വീപിലേക്ക് നീങ്ങുന്നത്. നേരത്തെ, ഓഖി ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ടത്ര ജാഗ്രത കാണിക്കാതിരുന്നതുകൊണ്ടാണ് വന്‍തോതില്‍ മരണസംഖ്യ ഉയര്‍ന്നതെന്ന് ആരോപണം വന്ന സാഹചര്യത്തില്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top