തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ സിആര്‍പിഎഫ് തയ്യാറാവണമെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍

എസ്‌കെ സൂദ്‌

ദില്ലി: തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ സിആര്‍പിഎഫ് തയ്യാറാവണമെന്ന് മുന്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ എസ്‌കെ സൂദ്. ഛത്തീസ്ഗഡ് നക്‌സലാക്രമണത്തില്‍ ഒമ്പത് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് സൂദിന്റെ പ്രതികരണം.

തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളില്‍ വേണ്ടവിധത്തിലുള്ള പരിഹാര മാര്‍ഗങ്ങള്‍ സിആര്‍പിഎഫ് അധികൃതര്‍ കൈക്കൊള്ളുന്നില്ലെന്നും സൂദ് ആരോപിച്ചു. ഈ മേഖലയില്‍ തുടര്‍ച്ചയായി സിആര്‍പിഎഫിന് നഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനര്‍ത്ഥം സിആര്‍പിഎഫ് അധികൃതര്‍ വേണ്ടവിധത്തിലുള്ള നടപടികള്‍ അവിടെ കൈക്കൊള്ളുന്നില്ല എന്നാണ്. തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ നമ്മള്‍ തയ്യാറാകണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഛത്തീസ്ഗഡിലെ സുക്മയില്‍ ഉച്ചയോടെയുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ 212 ബറ്റാലിയനിലെ ഒമ്പത് സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. പത്തുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ നാല് ജവാന്മാരുടെ നില ഗുരുതരമായി തുടരുകയാണ്. പട്രോളിംഗ് നടത്തുന്നതിനിടെ സിആര്‍പിഎഫിന്റെ വാഹനം നക്‌സലുകള്‍ സ്ഥാപിച്ച കുഴിംബോബില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ 11 ജവാന്മാരും, ആറ് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന മറ്റൊരു മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്മാരും ഛത്തീസ്ഗഡില്‍ കൊല്ലപ്പെട്ടിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top