ഐപിഎല്‍; അമോല്‍ മജുംദാര്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് കോച്ച്

അമോല്‍ മജുംദാര്‍

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനൊന്നാം പതിപ്പില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് കോച്ചായി ആഭ്യന്തര ക്രിക്കറ്റ് താരം അമോല്‍ മജുംദാറിനെ നിയമിച്ചു. ഏപ്രില്‍ ഏഴിനാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.

രഞ്ജി ട്രോഫിയിലും പ്രാദേശിക ക്രിക്കറ്റിലും മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് മജുംദാര്‍. ടീമിന്റെ ബാറ്റിംഗ് പരിശീലകനായി മജുംദാറിനെ ലഭിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ആഭ്യന്തര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമാണ്. യുവകളിക്കാര്‍ക്ക് അദ്ദേഹത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. അത് അവരുടെ കഴിവ് വര്‍ധിപ്പിക്കുന്നതില്‍ ഏറെ സഹായകരമാകും, രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ് പറഞ്ഞു.

അതേസമയം രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മജുംദാറും പ്രതികരിച്ചു. ഒരു ബാറ്റസ്മാന് ഇത് തികച്ചും സന്തോഷം നിറഞ്ഞ നിമിഷമാണ്. ട്വന്റി20 ശൈലി തികച്ചും വ്യത്യസ്തമാണ്. പുതിയ റോളിന്റെ ആകാംക്ഷയിലാണ് താന്‍. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുബിന്‍ ബറുചയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍. ബോളിംഗ് കോച്ചായി സായ്‌രാജ് ബഹുതുലെയെയും നിയമിച്ചിട്ടുണ്ട്.

20 വര്‍ഷം നീണ്ട തന്റെ ക്രിക്കറ്റ് കരിയറില്‍ പല റെക്കോഡുകളും തകര്‍ത്ത ബാറ്റ്‌സ്മാനാണ് മജുംദാര്‍. മുംബൈയില്‍ അരങ്ങേറ്റം കുറിച്ച മജുംദാര്‍ ഹരിയാനയ്‌ക്കെതിരായ തന്റെ ആദ്യമത്സരത്തില്‍ 260 റണ്ണാണ് അടിച്ചെടുത്തത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ ഒരു ബാറ്റസ്മാന്‍ നേടുന്ന ഉയര്‍ന്ന സ്‌കോറാണിത്. 171 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്ന് 48.13 ശരാശരിയില്‍ 11167 റണ്‍സാണ് മജുംദാര്‍ അടിച്ചെടുത്തത്. അതില്‍ 30 സെഞ്ച്വറികളും 60 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ കീഴില്‍ മുംബൈ, രഞ്ജി ട്രോഫി കിരീടവും നേടിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top