ഛത്തീസ്ഗഡ് നക്‌സലാക്രമണം; കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

രാജ്‌നാഥ് സിംഗ്

ദില്ലി: ഛത്തീസ്ഗഡിലെ നക്‌സലാക്രമണത്തില്‍ ഒമ്പത് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന്റെ ദുഖത്തോടൊപ്പം പങ്കുചേരുന്നതായി മന്ത്രി അറിയിച്ചു.

‘സുക്മ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ജവാന്മാരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയാണ്. സംഭവത്തെക്കുറിച്ച് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലുമായി സംസാരിക്കുകയും സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്’, സിംഗ് ട്വിറ്ററില്‍ കുറിച്ചു. ‘സുക്മയില്‍ ഇന്നുണ്ടായ സ്‌ഫോടനം അസഹ്യപ്പെടുത്തുന്ന ഒന്നാണ്. രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച ഓരോ ജവാന്മാര്‍ക്ക് മുന്നിലും ഞാന്‍ പ്രണാമം അര്‍പ്പിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഛത്തീസ്ഗഡിലെ സുക്മയില്‍ ഉച്ചയോടെയുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ ഒമ്പത് സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരില്‍ നാല് ജവാന്മാരുടെ നില ഗുരുതരമായി തുടരുകയാണ്.പട്രോളിംഗ് നടത്തുന്നതിനിടെ സിആര്‍പിഎഫിന്റെ വാഹനം നക്‌സലുകള്‍ സ്ഥാപിച്ച കുഴിംബോബില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു.

212 ബറ്റാലിയനിലെ സിആര്‍എഫ് ജവാന്മാരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് 11 ദിവസങ്ങള്‍ക്ക് മുന്‍പാണ് 10 നക്‌സലുകളെ സുരക്ഷാസേന കൊലപ്പെടുത്തിയത്. കൂടാതെ ആറ് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന മറ്റൊരു മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യം സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top