ന്യൂനമര്‍ദ്ദം; മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുത്, ജാഗ്രതാനിർദേശം ഈ മാസം 15 വരെ നീട്ടി

മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറിയ സാഹചര്യത്തിൽ ജാഗ്രതാനിർദേശം ഈ മാസം 15 വരെ നീട്ടി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചേർന്ന സംസ്ഥാനദുരന്തനിവാരണ അതോറിറ്റി എക്സിക്യൂട്ടിവ് യോഗത്തിന്റേതാണ് തീരുമാനം. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒരു മത്സ്യത്തൊഴിലാളിയും കടലിൽ പോകരുത്. തെക്കൻ കേരളത്തിൽ ശക്തമായ മഴക്കും സാധ്യത ഉണ്ട്.

തീവന്യൂനമർദ്ദം അതിതീവ്രന്യൂനമർദ്ദമായേക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ  മുൻ കരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്റ്റർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. എല്ലാ തീരദേശദുരിതാശ്വാസക്യാമ്പുകളും തയ്യാറാക്കി വയ്ക്കണമെന്നും ദുരിതാശ്വാസക്യാമ്പുകളുടെ താക്കോല്‍ തഹസില്‍ദാര്‍മാരുടെ കൈയ്യില്‍ സൂക്ഷിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

അടിയന്തിരഘട്ടങ്ങളെ നേരിടാൻ കെഎസ്ഇബി ഓഫീസുകൾ സജ്ജമാക്കാനും തീരദേശതാലൂക്ക് കൺട്രോൾ റൂമുകൾ 15 വരെ പ്രവര്‍ത്തിക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പര്‍ അപായ സൂചന ഉയര്‍ത്തി.

കേരള തീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കന്യാകുമാരിയ്ക്ക് തെക്ക് ശ്രീലങ്കയ്ക്ക് തെക്ക് പടിഞ്ഞാറ് ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം ശക്തമായി നിലനില്‍ക്കുന്നുവെന്നും തീരത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top