നിദാഹസ് ട്രോഫി ട്വന്റി20: ലങ്കയോട് പകരം വീട്ടി ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചു, രാഹുലിന് അപൂര്‍വ റെക്കോര്‍ഡ്

ഇന്ത്യന്‍ ടീമിന്റെ ആഹ്ലാദപ്രകടനം

കൊളംബൊ: നിദാഹസ് ത്രിരാഷ്ട്ര ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചു. തങ്ങളുടെ മൂന്നാം മത്സരത്തില്‍ ലങ്കയെ ആറുവിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ സംഘം ഫൈനലിലേക്ക് അടുത്തിരിക്കുന്നത്. അടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനോട് വന്‍മാര്‍ജിനില്‍ പരാജയപ്പെടാതിരുന്നാല്‍ ഫൈനലിലെ ഒരു ടീം ഇന്ത്യ ആയിരിക്കും.

ടൂര്‍ണമെന്റിലെ ഉദ്ഘാടനമത്സരത്തില്‍ ലങ്കയില്‍ നിന്നേറ്റ അഞ്ച് വിക്കറ്റ് തോല്‍വിക്കുള്ള മധുരപ്രതികാരമായിരുന്നു ഇന്ത്യയുടെ വിജയം. ലങ്ക ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഒന്‍പത് പന്തുകള്‍ ബാക്കിനില്‍ക്കെ നാലുവിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ അടിയേറ്റ ശാര്‍ദൂല്‍ താക്കൂറിന്റെ ശക്തമായ തിരിച്ചുവരവും ലങ്കയ്‌ക്കെതിരെ കണ്ടു. നാലുവിക്കറ്റുകള്‍ വീഴ്ത്തിയ താക്കൂറാണ് കളിയിലെ താരം. സ്കോര്‍: ലങ്ക 19 ഓവറില്‍ ഒന്‍പതിന് 152; ഇന്ത്യ 17.3 ഓവറില്‍ നാലിന് 153.

മഴമൂലം 19 ഓവറായി ചുരുങ്ങിയ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എതിരാളികളെ ബാറ്റിംഗിന് വിടുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റിന് 152 റണ്‍സ് നേടാനെ ആതിഥേയര്‍ക്ക് കഴിഞ്ഞുള്ളൂ. ആദ്യ മത്സരത്തിലെ പിഴവുകള്‍ ബൗളര്‍മാര്‍ തിരുത്തിയപ്പോള്‍ ലങ്കന്‍ ബാറ്റിംഗിന് അഴിഞ്ഞാടാന്‍ അവസരം ലഭിച്ചില്ല. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 38 പന്തില്‍ മൂന്ന് വീതം ഫോറുകളും സിക്‌സറുകളും ഉള്‍പ്പെട്ടതായിരുന്നു ഇന്നിംഗ്‌സ്. ഉപുല്‍ തരംഗ (22), ഗുണതിലക (17), തിസര പെരേര (15), ദസുന്‍ ശനക (19) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തകര്‍ത്തടിച്ച കുശാല്‍ പെരേര (3) നിരാശപ്പെടുത്തി. നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി നാലുവിക്കറ്റുകള്‍ വീഴ്ത്തിയ താക്കൂറാണ് ലങ്കയെ തകര്‍ത്തത്. വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും മനീഷ് പാണ്ഡെ (31 പന്തില്‍ 42), ദിനേശ് കാര്‍ത്തിക് (25 പന്തില്‍ 39) എന്നിവര്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (11) വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ ശിഖര്‍ ധവാന്‍ (8) രണ്ടക്കം കാണാതെ പുറത്തായി. പിന്നീടെത്തിയ ലോകേഷ് രാഹുലിനും (18) പിടിച്ച് നില്‍ക്കാനായില്ല. തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും റെയ്‌ന (15 പന്തില്‍ 27) അധികം നില്‍ക്കാതെ മടങ്ങി. ഇതോടെ നാലിന് 85 എന്ന നിലയിലായി ഇന്ത്യ. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ പാണ്ഡെയും കാര്‍ത്തിക്കും 7.4 ഓവറില്‍ 68 ചേര്‍ത്ത് മത്സരം കൈപ്പിടിയിലൊതുക്കി.

വിജയത്തോടെ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് നാല് പോയിന്റായി. അതേസമയം, ലങ്കയ്ക്ക് ഇന്ത്യയ്‌ക്കെതിരായ വിജയത്തിലൂടെ ലഭിച്ച രണ്ട് പോയിന്റ് മാത്രമാണുള്ളത്. ഇന്ത്യയോട് തോല്‍ക്കുകയും ലങ്കയെ തകര്‍ക്കുകയും ചെയ്ത ബംഗ്ലാദേശിന് രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റുണ്ട്. അതിനാല്‍ ലങ്ക-ബംഗ്ലാദേശ് രണ്ടാം മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. ഫൈനലിലെത്താന്‍ ലങ്കയ്ക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്. അതേസമയം, തോറ്റാലും അടുത്ത മത്സരത്തില്‍ ഇന്ത്യയെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ ബംഗ്ലാദേശിന് ഫൈനലിലെത്താം.

കെഎല്‍ രാഹുലിന് അപൂര്‍വ റെക്കോര്‍ഡ്

ടൂര്‍ണമെന്റില്‍ ആദ്യമായി അവസരം ലഭിച്ച കെഎല്‍ രാഹുലിന് പക്ഷെ അത് വിനിയോഗിക്കാനായില്ല. ടീം പ്രതിസന്ധിയില്‍ നില്‍ക്കെ ക്രീസിലെത്തിയ രാഹുല്‍ നന്നായി തുടങ്ങിയെങ്കിലും 17 പന്തില്‍ 18 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. എന്നാല്‍ ഈ പുറത്താകല്‍ രാഹുലിന് ഒരു റെക്കോര്‍ഡ് സമ്മാനിച്ചു.

ഇന്ത്യന്‍ ഇന്നിംഗ്‌സിലെ പത്താമത്തെ ഓവറിലാണ് റെക്കോര്‍ഡ് പിറന്നത്. ജീവന്‍ മെന്‍ഡിസ് എറിഞ്ഞ ഓവറിലെ അഞ്ചാം പന്തില്‍ ഹിറ്റ് വിക്കറ്റായാണ് രാഹുല്‍ പുറത്തായത്. പന്ത് ബാക്ക് ഫൂട്ടില്‍ കളിക്കാനുള്ള ശ്രമമാണ് പുറത്താകലില്‍ കലാശിച്ചത്. വലതുകാല്‍ സ്റ്റംപില്‍ തട്ടിയാണ് രാഹുല്‍ പുറത്തായത്. ട്വന്റി20യില്‍ ഹിറ്റ് വിക്കറ്റിലൂടെ പുറത്താകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് രാഹുല്‍ സ്വന്തമാക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top