കുട്ടികളിലെ ലഹരി ഉപയോഗം; അടിയന്തര യോഗം വിളിക്കണമെന്ന് ജില്ലാ ശിശുക്ഷേമസമിതി

കാസര്‍ഗോഡ് : ജില്ലയില്‍ കുട്ടികള്‍ക്കിടയില്‍ ലഹരിഉപയോഗം അപകടകരമാം വിധം വര്‍ധിച്ച പശ്ത്താലത്തില്‍ ആക്ഷന്‍ പ്ലാന്‍ ആസൂത്രണം ചെയ്യുന്നതിന് അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്ന് ജില്ലാ ശിശുക്ഷേമസമിതി എക്‌സിക്യുട്ടീവ് യോഗം ജില്ലാ കളക്ടറോട് അഭ്യര്‍ത്ഥിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, പൊലീസ് ഡിസിആര്‍ബി, എക്‌സൈസ്, ആരോഗ്യ വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ചൈല്‍ഡ് ലൈന്‍ തുടങ്ങിയവയുടെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കാനാണ് എഡിഎം: എന്‍.ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗം കളക്ടറോട് അഭ്യര്‍ത്ഥിച്ചത്.

നിലവില്‍ കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും ലഭ്യതയും വലിയ ആശങ്കയാണ് സമൂഹത്തിലുണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉദുമ കളനാടില്‍ വിദ്യാര്‍ത്ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ചതും ആശങ്ക വര്‍ധിപ്പിക്കുന്നതായും യോഗം വിലയിരുത്തി. ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നിര്‍ബന്ധമായും രൂപീകരിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും 18 സ്ഥാപനങ്ങളില്‍ മാത്രമെ രൂപീകരിച്ചിട്ടുളളൂ. ഇത് വേണ്ടത്ര ഫലപ്രദമായും നടക്കുന്നില്ലെന്നും യോഗം വിലയിരുത്തി.

ജില്ലാ ശിശുക്ഷേമസമിതി, ശിശുസംരക്ഷണ യൂണിറ്റുമായി ചേര്‍ന്ന് വ്യത്യസ്തങ്ങളായ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. ജില്ലാ ശിശുക്ഷേമസമിതിയുടെ വാര്‍ഷിക ജനറല്‍ ബോഡിയും ബജറ്റും ഏപ്രിലില്‍ നടത്തും. ഭാഷാന്യൂനപക്ഷ കുട്ടികള്‍ക്കു വേണ്ടിയുളള വേനല്‍ക്കാല കലാസാഹിത്യ ക്യാമ്പായ ബാലകലാതരംഗ മെയ് ആദ്യവാരം മഞ്ചേശ്വരം പൈവളിഗെയില്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി മധു മുതിയക്കാല്‍, ട്രഷറര്‍ എം ലക്ഷ്മി, ഡെപ്യൂട്ടി ഡിഎംഒ:ഡോ. ഷാന്റി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.ബിജു,വിവിധ ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top