ശ്രീലങ്കയിലെ വര്‍ഗീയ കലാപം പാരയായത്‌ കായംകുളം കൊച്ചുണ്ണിക്കും സംഘത്തിനും

ഫയല്‍ചിത്രം

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ശ്രീലങ്കയിലുള്ള ചിത്രികരണം വര്‍ഗിയ കലാപം മൂലം തടസ്സപ്പെട്ടു. പതിനെട്ടാം നുറ്റാണ്ടില്‍  കേരളത്തില്‍ ജിവിച്ച കായംകുളം കൊച്ചുണ്ണിയുടെ ജിവിതം സിനിമയാകുമ്പോള്‍  ചിത്രീകരണത്തിനായി കണ്ടെത്തിയത്  നിലവില്‍ കലാപം പൊട്ടിപ്പുറപ്പെട്ട കാന്‍ഡിയായിരുന്നു.

വൈദ്യതി ബന്ധം പോലുമില്ലാത്ത പ്രദേശങ്ങളും ശ്രീലങ്കന്‍ പഴയ  ജയിലുകള്‍  അടക്കമുള്ള ലൊക്കെഷനുകള്‍ സിനിമയ്ക്ക് അനുയോജ്യമായതിനാലാണ് കാന്‍ഡി ചിത്രീകരണത്തിനായി തെരഞ്ഞെടുത്തത്. ശ്രീലങ്കയിലെ വര്‍ഗീയ സംഘര്‍ഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രികരണം തല്‍കാലം മാറ്റി വച്ചിരിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

അനുബന്ധ സ്ഥലമായ ഗോവയിലെ ചില സ്ഥലങ്ങളിലാണ്‌ ഇപ്പോള്‍ കായംകുളം കൊച്ചുണ്ണിയുടെ ചിത്രികരണം നടക്കുന്നത്.  ശ്രീലങ്കയില്‍ ഏപ്രില്‍ 2 ഒാടോ ചിത്രീകരണം പുനഃരാരംഭിക്കാനാണ്  അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത് .

സിനിമയില്‍ കായംകുളം കൊച്ചുണ്ണിയായി  നിവിന്‍ പോളി എത്തുമ്പോള്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാലാണ് എത്തുന്നത്. 30 കോടിയോളം ചെലവ് വരുന്ന സിനിമയാവും കായംകുളം കൊച്ചുണ്ണി എന്നാണ് റിപ്പോര്‍ട്ടുകള്‍ . എസ്രക്ക് ശേഷം  പ്രിയ ആനന്ദ്‌ അഭിനയിക്കുന്ന മലയാളം ചിത്രമാണ്‌ കായംകുളം കൊച്ചുണ്ണി.

സണ്ണി വെയിന്‍, ബാബു ആന്റണി, സുധീര്‍ കരമന, തെസ്നി ഖാന്‍ തുടങ്ങിയവര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ശ്രീ ഗോകുലം മൂവിസിന്‍റെ ബാനറില്‍  ഗോകുലം  ഗോപാലനാണ്. ബാങ്കോക്ക്, സൗത്ത്‌ ആഫ്രിക്ക , ജര്‍മനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ ഫൈറ്റ് വിദഗ്ധരാണ് കൊച്ചുണ്ണിയിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.

ചിത്രം ഓണത്തിന് തിയേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഗോവയില്‍ വച്ച് നടന്ന ചിത്രികരണ വേളയില്‍  നിവിന്‍ പോളിയുടെ ഇടതു കൈയ്യിന് പരുക്ക് പറ്റിയിരുന്നു.  എല്ലിന് പൊട്ടലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍, തുടര്‍ന്ന്  നിവിന്‍ 15 ദിവസത്തെ വിശ്രമത്തിനായി   കേരളത്തിലെത്തിയിരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top