രാജ്യസഭാ തെരഞ്ഞെടുപ്പ്: ഇത്തവണ ബിജെപി ഒരു വീട്ടുകാരനെ പരിഗണിച്ചെന്ന് അഡ്വക്കേറ്റ് എ ജയശങ്കര്‍

അഡ്വക്കേറ്റ് എ ജയശങ്കര്‍

കൊച്ചി: രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി വി മുരളീധരനെ പ്രഖ്യാപിച്ചതിലൂടെ ബിജെപി ഇത്തവണ ഒരു വീട്ടുകാരനെ പരിഗണിച്ചെന്ന് അഡ്വക്കേറ്റ് എ ജയശങ്കര്‍. ബിഡിജെഎസ് ആത്മാര്‍ഥമായി പിന്താങ്ങിയാല്‍ പോലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയസാധ്യത കുറവാണെന്നും തുഷാറിനെ രാജ്യസഭാംഗമാക്കിയാലും വലിയ വ്യത്യാസം ഉണ്ടാവില്ലെന്നും ജയശങ്കര്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ഉപ്പോളം വരില്ല, ഉപ്പിലിട്ടത്.

തുഷാര്‍ വെള്ളാപ്പള്ളിയല്ല വി മുരളീധരനാണ് ബിജെപി രാജ്യസഭാ സീറ്റ് നല്‍കിയത്. ബിഡിജെഎസ് ആത്മാര്‍ഥമായി പിന്താങ്ങിയാല്‍ പോലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയസാധ്യത കുറവാണ്. തുഷാറിനെ രാജ്യസഭാംഗമാക്കിയാലും വലിയ വ്യത്യാസം ഉണ്ടാവില്ല.

വെളളാപ്പളളി നടേശനാണെങ്കില്‍ മുഖ്യമന്ത്രിയെ പ്രശംസിച്ചു കൊണ്ടേയിരിക്കുന്നു. ചെങ്ങന്നൂരിലെ മൂന്ന് സ്ഥാനാര്‍ത്ഥികളില്‍ മിടുക്കന്‍ സഖാവ് സജി ചെറിയാനാണെന്ന് സര്‍ട്ടിഫിക്കറ്റും കൊടുത്തു.ബിജെപിക്ക് മറ്റൊരു വല്ലായ്മ കൂടി ഉണ്ടായിരുന്നു. ഇതുവരെ രാജ്യസഭാ സീറ്റ് കൊടുത്തവരൊക്കെ വിരുന്നുകാരാണ്: രാജീവ് ചന്ദ്രശേഖര്‍, റിച്ചാര്‍ഡ് ഹേ, സുരേഷ് ഗോപി, അല്‍ഫോന്‍സ് കണ്ണന്താനം. ഇത്തവണ ഒരു വീട്ടുകാരനെ പരിഗണിച്ചു. അങ്ങനെ മുരളീധരന് നറുക്ക് വീണു.

ബിജെപിയുടെ വഞ്ചനയില്‍ മനംനൊന്ത ബിഡിജെഎസ് ഇനി എന്തുചെയ്യും? എന്‍ഡിഎയില്‍ തുടരുമോ അതോ യുഡിഎഫില്‍ ചേരുമോ? കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായി ചേര്‍ന്ന് സംസ്ഥാനത്ത് നാലാം ചേരി രൂപീകരിക്കുമോ? കാത്തിരുന്നു കാണാം, ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top