ദലിത് സ്ത്രീകളെ മര്‍ദ്ദിച്ചു; ബിജെപി എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു


രാജ്കുമാര്‍ തുക്രാല്‍

ഡെറാഡൂണ്‍: ദലിത് സ്ത്രീകളെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ശേഷം മര്‍ദ്ദിക്കുകയും ചെയ്ത ബിജെപി എംഎല്‍എക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഉത്തരാഖണ്ഡിലെ രുദ്രാപൂര്‍ എംഎല്‍എയായ രാജ്കുമാര്‍ തുക്രാലിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച തുക്രാലിന്റെ വീടിന്റെ പുറത്തുവെച്ചാണ് ഇയാള്‍ ദലിത് സ്ത്രീകളെ മര്‍ദ്ദിച്ചത്. എംഎംഎല്‍ക്കു പുറമെ രണ്ട് ബിജെപി നേതാക്കളും കേസില്‍ പ്രതികളാണ്.

രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാനായി തുക്രാലിന്റെ വീട്ടില്‍ നടന്ന യോഗത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാം കിഷോര്‍ എന്നയാളുടെ പ്രായപൂര്‍ത്തിയാകാത്ത മകനും ഇവരുടെ ഗ്രാമത്തിലെ തന്നെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയിരുന്നു. ഇതിന്റെ പേരില്‍ രണ്ട് കുടുംബങ്ങളും തമ്മിലുണ്ടായ പ്രശ്‌നം പറഞ്ഞ് തീര്‍ക്കാനായിരുന്നു യോഗം ചേര്‍ന്നത്.

എന്നാല്‍ ചര്‍ച്ചക്കിടെ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ വഴക്കിട്ടു. ഇതില്‍ പ്രകോപിതനായ തുക്രാല്‍ വരന്റെ അമ്മയെയും സഹോദരിമാരെയും ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. വരന്റെ പിതാവായ രാം കിഷോറാണ് തുക്രാലിനും ബിജെപി നേതാക്കള്‍ക്കും എതിരെ കേസ് നല്‍കിയിരിക്കുന്നത്.

ദലിത് സ്ത്രീകളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂമാധ്യമങ്ങില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്. പട്ടികജാതി വര്‍ഗ പീഡനം തടയുന്നതിനുള്ള വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് കുടുംബക്കാരും തമ്മില്‍ വഴക്കിടുകയും സ്ഥിതി ഗതികള്‍ നിയന്ത്രണാധീതമായപ്പോള്‍ അത് പരിഹാരിക്കാന്‍ താന്‍ ഇടപെടുന്നതുമാണ് ദൃശ്യങ്ങള്‍ ഉള്ളതെന്നുമാണ് തുക്രാല്‍ പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top