മോദിയോട് ഇങ്ങനെ ചോദിക്കാന്‍ താങ്കള്‍ ധൈര്യപ്പെടില്ല; തന്നെയും കോണ്‍ഗ്രസിനെയും അപഹസിച്ച വ്യക്തിയോട് രാഹുല്‍ ഗാന്ധി

സംവാദത്തില്‍ നിന്ന്

സിംഗപ്പൂര്‍: സദസില്‍ നിന്നുയര്‍ന്ന അവഹേളിക്കുന്ന ചോദ്യത്തിനും പുകഴ്ത്തുന്ന ചോദ്യത്തിനും സംയമനത്തോടെ മറുപടി നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിംഗപ്പൂരില്‍ നടന്ന ഒരു സംവാദപരിപാടിയിലാണ് രാഹുല്‍ തന്റെ രാഷ്ട്രീയകുശലത വെളിപ്പെടുത്തിയത്. വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരിക്കുകയാണ്.

സിംഗപ്പൂരില്‍ ഇന്ത്യ അറ്റ് 70 എന്ന വിഷയത്തില്‍ നടത്തിയ സംവാദത്തിലാണ് സദസില്‍ നിന്നും കോണ്‍ഗ്രസിനെയും നെഹ്‌റു കുടുംബത്തെയും അപഹസിക്കുന്ന തരത്തിലുള്ള ചോദ്യം ഉയര്‍ന്നത്. ഇതിന് പിന്നാലെ കോണ്‍ഗ്രസിനെയും നെഹ്‌റു കുടുംബത്തെയും വാനോളം പുകഴ്ത്തി മറ്റൊരാള്‍ സംസാരിച്ചു. രണ്ടിനും കൂടി ചേര്‍ത്ത് വളരെ പക്വമായ രീതിയിലായിരുന്നു രാഹുല്‍ മറുപടി നല്‍കിയത്.

ഏഷ്യാ റീബോണ്‍ എന്ന പുസ്തകത്തിന്റെ രചയിതാവ് പികെ ബസുവാണ് വിമര്‍ശനാത്മകമായ ചോദ്യം ഉന്നയിച്ചത്. താങ്കളുടെ കുടുംബം ഭരിക്കുമ്പോള്‍ രാജ്യത്തിന്റെ ആളോഹരി വരുമാനം ലോകത്തിന്റെ ആളോഹരി വരുമാനത്തേക്കാള്‍ കൂപ്പുകുത്തുകയായിരുന്നു. എന്നാല്‍ നിങ്ങള്‍ ഭരണത്തില്‍ നിന്ന് പുറത്താകുമ്പോള്‍ ആളോഹരി വരുമാനം വളരെ വേഗത്തില്‍ വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. ഇത് എന്തുകൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. നെഹ്‌റു കുടുംബത്തെ അങ്ങേയറ്റം അപമാനിക്കുന്ന തരത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ചോദ്യം. ഇതിന് മറുപടിയായി ഇന്ത്യ ഇന്ന് വിജയിച്ച രാജ്യമാണോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. അതെ, പക്ഷെ അത് നെഹ്‌റു കുടുംബം അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമാണെന്നായിരുന്നു ബസുവിന്റെ മറുപടി.

ഉടന്‍ ഇതിനെ എതിര്‍ത്ത് നെഹ്‌റുവിനെയും കോണ്‍ഗ്രസിനെയും പുകഴ്ത്തി ഒരാള്‍ സംസാരിച്ചു. ഇന്ത്യ ഇന്നത്തെ നിലയില്‍ എത്തിയതിന് പ്രധാനകാരണക്കാര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആണെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം.

തുടര്‍ന്നായിരുന്നു രാഹുലിന്റെ മറുപടി. രണ്ട് പേരും പരിധി വിടുകയാണെന്ന് രാഹുല്‍ പറഞ്ഞു. ഈ സംവാദം ഒരു ധ്രുവീകരണത്തെയാണ് കാണിക്കുന്നത്. ഒരാള്‍ പറയുന്നു രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കു കാരണക്കാരന്‍ ഞാനാണെന്ന്. മറ്റൊരാള്‍ പറയുന്നു രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള സൊലൂഷന്‍ ഞാനാണെന്ന്. ഇന്ത്യയുടെ വിജയത്തിന് കാരണം ഇന്ത്യയിലെ ജനങ്ങളാണ്. എന്നിരുന്നാലും ആ വിജയത്തിന് പിന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്ന്, ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് ആ വിജത്തില്‍ പങ്കില്ലെന്ന്, ഹരിതവിപ്ലവത്തിന് ആ വിജയത്തില്‍ പങ്കില്ലെന്ന്, ടെലികോം വിപ്ലവത്തിന് ആ വിജയത്തില്‍ പങ്കില്ലെന്ന്, ഉദാരവത്കരണത്തിന് ആ വിജയത്തില്‍ പങ്കില്ലെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ പുതിയ പുസ്തകം എഴുതേണ്ടിയിരിക്കുന്നു. രാഹുല്‍ പറഞ്ഞു.

എതിരാളികളെയും എന്നെ ഇഷ്ടപ്പെടാത്തവരെയും സ്‌നേഹിക്കുക എന്നതാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. അതിനാല്‍ എന്നെ വിമര്‍ശിക്കുന്നവരോട് എനിക്ക് ശത്രുതയില്ല. നിങ്ങള്‍ക്ക് അങ്ങനെ പറയാനുള്ള അവകാശത്തെ ഞാന്‍ മാനിക്കുന്നു. ഒരു സംവാദത്തിലൂടെ താങ്കളുടെ വാദങ്ങളെ തെറ്റെന്ന് തെളിയിക്കാന്‍ എനിക്ക് കഴിയും. അതിന് ഞാന്‍ തയ്യാറാണ്. എന്നാല്‍ നരേന്ദ്ര മോദി അതിന് തയ്യാറാകില്ല. എന്നോട് പറഞ്ഞ കാര്യം മോദിയോട് പറയാനുള്ള ധൈര്യം താങ്കള്‍ക്ക് ഒരിക്കലും ഉണ്ടാകില്ല. രാഹുല്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top