അഴിമതിയില്‍ വിട്ടുവീഴ്ചയില്ല; കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജിന്‍പിങ് ശിക്ഷിച്ചത് 100 മന്ത്രിമാരെ

ഷീ ജിന്‍പിങ്

ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അഴിമതി കേസില്‍ ശിക്ഷിച്ചത് 100 മന്ത്രിമാരെ. ചൈനീസ് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സുകിയാങ് പാര്‍ലമെന്റിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍. 2013-2017 ല്‍ രാജ്യത്തെ കോടതികള്‍ 1.95 ലക്ഷം അഴിമതികേസുകളാണ് പരിഗണിച്ചത്.

ഇവയില്‍ 2.53 ലക്ഷം പേരെ കുറ്റക്കാരായി കണ്ടെത്തി. ഇതില്‍ പ്രാദേശിക ദേശീയ ഭരണകൂടങ്ങളിലെ 100 മന്ത്രിമാരെയാണ് ശിക്ഷിച്ചിരിക്കുന്നത്. കൈക്കൂലി വാഗാദാനം ചെയ്തതിന് 1300 പേരെ ശിക്ഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്ക് പുറമെ പൊളിറ്റ് ബ്യൂറോയിലെ നാല് അംഗങ്ങളും പട്ടാളത്തിലെ 100 ജനറല്‍മാരടക്കമുള്ളവരും പ്രസിഡന്റിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തില്‍ ശിക്ഷിക്കപ്പെട്ടവരാണ്.

അതേസമയം ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരെ അഴിമതി നീക്കങ്ങളിലൂടെ കണ്ടെത്തി അധികാര കേന്ദ്രീകരണം നടത്തുകയാണ് ഷീ ജിന്‍പിങ്ങെന്നും ആരോപണം ശക്തമാണ്. ഒരേസമയം പ്രസിഡന്റ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തലവന്‍, സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ്, എന്നീ മൂന്നു പദവികളും ഷീ ജിന്‍പിങ് ഒരുമിച്ചാണ് വഹിക്കുന്നത്.

ഇതിനെതിരെയുണ്ടാകുന്ന എതിര്‍ ശബ്ദങ്ങളെ അഴിമതിയാരോപണത്തിന്റെ പേരില്‍ ഷി അടിച്ചമര്‍ത്തകയാണെന്ന ആക്ഷേപവും ശക്തമാണ്. അതേസമയം പ്രസിഡന്റ് സ്ഥാനം രണ്ടുതവണ എന്ന നിബന്ധന ഭരണഘടനയില്‍നിന്ന് നീക്കം ചെയ്യുന്ന ഭേദഗതി ഇന്ന് പാര്‍ലമെന്റ് അംഗീകരിക്കാനിരിക്കുകയാണ്. ഇതോടെ രണ്ടാം തവണ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന ഷീ ജിന്‍പിങിന് ആജീവനാന്ത ഭരണം നടത്താം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top