കടുവകള്‍ ലങ്കന്‍ പുലികളെ പഞ്ഞിക്കിട്ടു, ബംഗ്ലാദേശ് സ്വന്തമാക്കിയത് റെക്കോര്‍ഡ് വിജയം

ബംഗ്ലാദേശിന്റെ വിജയാഹ്ലാദം

കൊളംബൊ: ഇരുപത് ഓവറില്‍ ആറുവിക്കറ്റിന് 214 റണ്‍സ് സ്വന്തമാക്കി ഡ്രസിംഗ് റൂമിലേക്ക് ലങ്ക മടങ്ങിയത് ആധികാരികമായ വിജയം സ്വപ്‌നം കണ്ടായിരുന്നു. എന്നാല്‍ ദുസ്വപ്‌നങ്ങളുടെ ഒരു രാത്രിയായിരുന്നു ലങ്കന്‍ താരങ്ങളെ കാത്തിരുന്നത്. ബംഗ്ലാദേശ് കടവുകള്‍ ഉണര്‍ന്നപ്പോള്‍ സിംഹളവീര്യം നിര്‍വീര്യമായിപ്പോയി. അടിക്ക് കണക്കിന് തിരിച്ചടി കൊടുത്ത ബംഗ്ലാദേശ് ത്രിരാഷ്ട്ര ട്വന്റി20 ടൂര്‍ണമെന്റിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ അത്യുജ്ജ്വല വിജയമാണ് സ്വന്തമാക്കിയത്.

സ്‌കോര്‍: ലങ്ക 20 ഓവറില്‍ ആറിന് 214; ബംഗ്ലാദേശ് 19.3 ഓവറില്‍ അഞ്ചിന് 215. ചേസിംഗിലെ തങ്ങളുടെ റെക്കോര്‍ഡ് വിജയമാണ് ബംഗ്ലാദേശ് ലങ്കയ്‌ക്കെതിരെ സ്വന്തമാക്കിയത്. 215 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ശേഷിക്കെയാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടന്നത്. അപരാജിത അര്‍ദ്ധ സെഞ്ച്വറിയുമായി മുഷ്ഫിക്കര്‍ റഹിമാണ് മുന്നില്‍ നിന്ന് നയിച്ചത്. 35 പന്തില്‍ 72 റണ്‍സെടുത്ത റഹിം ടീമിന്റെ വിജയറണ്‍സും നേടിയാണ് മടങ്ങിയത്. അഞ്ച് ഫോറുകളും നാല് സിക്‌സറുകളും ഉള്‍പ്പെട്ട മനോഹര ഇന്നിംഗ്‌സ്. വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാര്‍ 5.5 ഓവറില്‍ 74 റണ്‍സ് അടിച്ചെടുത്തു. തമിം ഇഖ്ബാല്‍ 29 പന്തില്‍ 47 ഉം ലിട്ടണ്‍ ദാസ് 19 പന്തില്‍ 43 ഉം റണ്‍സെടുത്തു. സൗമ്യ സര്‍ക്കാര്‍ (24), മുഹമ്മദുള്ള (20) എന്നിവരും മതിയായ സംഭാവനകള്‍ നല്‍കി. തുടക്കം മുതല്‍ പത്ത് റണ്‍ ശരാശരിയില്‍ സ്‌കോര്‍ ചെയ്ത ബംഗ്ലാദേശ് അത് അവസാനം വരെ താഴാതെ കാത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലങ്ക വിജയം ഉറപ്പിക്കാവുന്ന സ്‌കോറാണ് നേടിയത്. കുശാല്‍ മെന്‍ഡിസ് (30 പന്തില്‍ 57), കുശാല്‍ പെരേര (48 പന്തില്‍ 74) എന്നിവരുടെ മികവിലായിരുന്നു ലങ്കയുടെ വെടിക്കെട്ട്. ഇന്ത്യയെ കശക്കിയെറിഞ്ഞ പെരേര ബംഗ്ലാ ബൗളര്‍മാരെയും വെറുതെ വിട്ടില്ല. എട്ട് ഫോറുകളും രണ്ട് സിക്‌സറുകളും ഉള്‍പ്പെട്ടതായിരുന്നു പെരേരയുടെ ഇന്നിംഗ്‌സ്.

ഇന്ത്യ കൂടി ഉള്‍പ്പെട്ട ടൂര്‍ണമെന്റില്‍ മൂന്ന് ടീമുകളും രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കി. മൂവരും ഓരോ ജയവും തോല്‍വിയും സ്വന്തമാക്കി. ഇന്ത്യ ആദ്യമത്സരത്തില്‍ ലങ്കയോട് അഞ്ച് വിക്കറ്റിന് തോറ്റപ്പോള്‍ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ ആറുവിക്കറ്റിന് പരാജയപ്പെടുത്തി. മൂന്ന് ടീമുകള്‍ക്കും ഇനി രണ്ട് മത്സരങ്ങള്‍ വീതം ബാക്കിയുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top