ഭാര്യയുടെ ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് മുഹമ്മദ് ഷമി

ഷമിയും ഭാര്യ ഹസിനും

ദില്ലി: തനിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ചിരിക്കുന്ന ലൈംഗികാരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ക്രിക്കറ്റര്‍ മുഹമ്മദ് ഷമി ആവശ്യപ്പെട്ടു. തനിക്കെതിരായ ആരോപണങ്ങള്‍ ഷമി വീണ്ടും തള്ളിക്കളഞ്ഞു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ദിവസവും എനിക്കെതിരെ പുതിയ പുതിയ ആരോപണങ്ങള്‍ ഉയരുകയാണ്. ഇക്കാര്യങ്ങളില്‍ വിശദീകരണം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോപണങ്ങളെല്ലാം സമഗ്രമായി അന്വേഷിക്കണമെന്നാണ് എന്റെ ആവശ്യം. ഷമി പറഞ്ഞു.

ബിസിസിഐയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്ന് ഷമി പറഞ്ഞു. മതിയായ അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു നിഗമനത്തില്‍ എത്തിയതിന് ശേഷമെ മാത്രമെ ബിസിസിഐ തീരുമാനം എടുക്കുകയുള്ളൂ. അക്കാര്യത്തില്‍ എനിക്ക് ആശങ്കകളില്ല. ഷമി പറഞ്ഞു.

ഷമിക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങളാണ് ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ചിരിക്കുന്നത്. ഹസിന്റെ പരാതിയില്‍ കൊല്‍ക്കത്ത പൊലീസ് ഷമിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഷമിക്ക് പരസ്ത്രീ ബന്ധങ്ങളുണ്ടെന്നും തന്നെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടെന്നും കാട്ടിയാണ് ഹസിന്‍ പരാതി നല്‍കിയിരിക്കുന്നത്. കൊലപാതകശ്രമം, ബലാത്സംഗം, അതിക്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഭാര്യയുടെ ആരോപണങ്ങളെ തുടര്‍ന്ന് ബിസിസിഐ ഷമിയെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്താക്കിയിരുന്നു.

കഴിഞ്ഞ ദിവസം ഷമിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഹസിന്‍ നടത്തിയിരുന്നു. ഷമി അദ്ദേഹത്തിന്റെ സഹോദരനൊപ്പം തന്നെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്നായിരുന്നു പുതിയ ആരോപണം.

മറ്റ് സ്ത്രീകളുമായി വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ എന്നിവ വഴി നടത്തിയ സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഹസിന്‍ ഷമിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തനിക്ക് പരസ്ത്രീ ബന്ധമില്ലെന്ന് വ്യക്തമാക്കി ഷമിയും രംഗത്തുവന്നു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ ഗുരുതര ആരോപണങ്ങളാണ് ഹസിന്‍ ഷമിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. പാകിസ്താന്‍ യുവതിയുമായി ഷമിക്ക് ബന്ധമുണ്ടെന്നും അവരില്‍ നിന്ന് പണം വാങ്ങി തന്നെയും രാജ്യത്തെയും വഞ്ചിച്ചെന്നും ഹസിന്‍ ആരോപിച്ചു.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പോലെ ബോളിവുഡ് നായികയെ വിവാഹം കഴിക്കാനായിരുന്നു ഷമിയുടെ ആഗ്രഹമെന്ന് ഒരു അഭിമുഖത്തില്‍ ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. താനുമായുള്ള വിവാഹം അബദ്ധമായിപ്പോയെന്ന മനോഭാവമായിരുന്നു ഷമിക്കെന്നും രണ്ട് വര്‍ഷമായി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു. ഷമി തന്നോട് നിരന്തരമായി വിവാഹമോചനം ആവശ്യപ്പെടുന്നു. ഭാര്യയായ തനിക്ക് പകരം പാകിസ്താനിയായ കാമുകിയുമായാണ് 2017 ലെ ശ്രീലങ്കന്‍ ടൂര്‍ണമെന്റിന് ഷമി പോയതെന്നും ഹസിന്‍ ആരോപിച്ചിരുന്നു.

2014 ലായിരുന്നു ഷമിയും മുന്‍ മോഡലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചിയര്‍ ഗേള്‍സില്‍ അംഗവുമായിരുന്ന ഹസിനും തമ്മിലുള്ള വിവാഹം. ഷമിയുമായുള്ള വിവാഹത്തെ തുടര്‍ന്ന് മോഡലിങ്ങും ജോലിയും ഉപേക്ഷിക്കേണ്ടി വന്നെന്നും ഹസിന്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top