special page

“ഷമി അദ്ദേഹത്തിന്റെ സഹോദരനൊപ്പം ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു”: വീണ്ടും ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാന്‍

ഷമിയും ഭാര്യ ഹസിനും

കൊല്‍ക്കത്ത: ലൈംഗിക വിവാദത്തില്‍പ്പെട്ട് നില്‍ക്കുന്ന ക്രിക്കറ്റര്‍ മുഹമ്മദ് ഷമിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്ത്. ഷമി അദ്ദേഹത്തിന്റെ സഹോദരനൊപ്പം ലൈംഗിക ബന്ധത്തിന് തന്നെ നിര്‍ബന്ധിച്ചതായി ഹസിന്‍ ആരോപിച്ചു. 2017 ഡിസംബറിലാണ് സംഭവം നടന്നത്.

ഒരിക്കല്‍ ഷമി തന്നെ അദ്ദേഹത്തിന്റെ സഹോദരനൊപ്പം ഒരു മുറിയില്‍ കഴിയാന്‍ നിര്‍ബന്ധിച്ചു. അന്ന് സഹോദരന്‍ തന്റെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയും ചെയ്തു. ഹസിന്‍ വെളിപ്പെടുത്തി. ലൈംഗിക വിവാദത്തില്‍പ്പെട്ട് നില്‍ക്കുന്ന ഷമിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് ഭാര്യയുടെ പുതിയ വെളിപ്പെടുത്തല്‍.

ഷമിക്ക് നിരവധി സ്ത്രീകളുമായി അവിഹിതബന്ധമുണ്ടെന്ന ആരോപണവുമായി കഴിഞ്ഞ ദിവസമായിരുന്നു ഭാര്യ ഹസിന്‍ രംഗത്തെത്തിയത്. തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഹസിന്‍ വെളിപ്പെടുത്തി. ഇതിന് പിന്നാലെ ബിസിസിഐ അദ്ദേഹത്തെ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഭാര്യയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിനെതിരെ കൊല്‍ക്കത്ത പൊലീസ് കേസ് എടുക്കുകയും ചെയ്തു. കൊലപാതകശ്രമം, ബലാത്സംഗം, അതിക്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് ഷമിക്ക് ഉടന്‍ നോട്ടീസ് അയക്കും.

ഷമിയും ഭാര്യ ഹസിനും കുട്ടിയ്ക്കൊപ്പം

മറ്റ് സ്ത്രീകളുമായി വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ എന്നിവ വഴി നടത്തിയ സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഹസിന്‍ ഷമിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തനിക്ക് പരസ്ത്രീ ബന്ധമില്ലെന്ന് വ്യക്തമാക്കി ഷമിയും രംഗത്തുവന്നു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ ഗുരുതര ആരോപണങ്ങളാണ് ഹസിന്‍ ഷമിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. പാകിസ്താന്‍ യുവതിയുമായി ഷമിക്ക് ബന്ധമുണ്ടെന്നും അവരില്‍ നിന്ന് പണം വാങ്ങി തന്നെയും രാജ്യത്തെയും വഞ്ചിച്ചെന്നും ഹസിന്‍ ആരോപിച്ചു.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പോലെ ബോളിവുഡ് നായികയെ വിവാഹം കഴിക്കാനായിരുന്നു ഷമിയുടെ ആഗ്രഹമെന്ന് ഒരു അഭിമുഖത്തില്‍ ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. താനുമായുള്ള വിവാഹം അബദ്ധമായിപ്പോയെന്ന മനോഭാവമായിരുന്നു ഷമിക്കെന്നും രണ്ട് വര്‍ഷമായി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു. ഷമി തന്നോട് നിരന്തരമായി വിവാഹമോചനം ആവശ്യപ്പെടുന്നു. ഭാര്യയായ തനിക്ക് പകരം പാകിസ്താനിയായ കാമുകിയുമായാണ് 2017 ലെ ശ്രീലങ്കന്‍ ടൂര്‍ണമെന്റിന് ഷമി പോയതെന്നും ഹസിന്‍ ആരോപിച്ചിരുന്നു.

2014 ലായിരുന്നു ഷമിയും മുന്‍ മോഡലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചിയര്‍ ഗേള്‍സില്‍ അംഗവുമായിരുന്ന ഹസിനും തമ്മിലുള്ള വിവാഹം. ഷമിയുമായുള്ള വിവാഹത്തെ തുടര്‍ന്ന് മോഡലിങ്ങും ജോലിയും ഉപേക്ഷിക്കേണ്ടി വന്നെന്നും ഹസിന്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top