ബൈക്കില്‍ നിന്ന് പൊലീസ് ചവിട്ടി വീഴ്ത്തി; റോഡില്‍ വീണ് ഗര്‍ഭിണി മരിച്ചു

നടപടി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം

ചെന്നൈ: ത്രിച്ചിയില്‍ ബൈക്കില്‍ നിന്നും പൊലീസ് ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്ന് റോഡില്‍ വീണ് ഗര്‍ഭിണി മരിച്ചു. ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിലാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ പൊലീസ് ഉദ്യോഗസ്ഥന്‍ ചവിട്ടി താഴെയിട്ടത്. ഉഷ എന്ന യുവതിയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത മൂലം റോഡില്‍ വീണ് മരിച്ചത്.

കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ത്രിച്ചിയില്‍ വ്യാപകമായ പ്രതിഷേധമാണ് ജനങ്ങള്‍ നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് എസ്പി ഉറപ്പ് നല്‍കിയതിനുശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ഉഷയും ഭര്‍ത്താവ് ധര്‍മരാജുമാണ്  ബൈക്കില്‍ സഞ്ചരിച്ചിരുന്നത്. ധര്‍മരാജ് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. പൊലീസ് ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും വാഹനം നിര്‍ത്താന്‍ ധര്‍മരാജ് തയ്യാറായില്ല. നിര്‍ത്താതെ പോയ ബൈക്കിനെ പിന്‍തുടര്‍ന്ന് മറ്റൊരു ബൈക്കില്‍ പൊലീസ് ഉദ്യോഗസ്ഥനായ കാമരാജും പോവുകയായിരുന്നു.

പൊലീസ് പിന്‍തുടരുന്നുണ്ടെന്ന് മനസിലാക്കിയ ധര്‍മരാജ് ബൈക്കിന്റെ വേഗത കൂട്ടി. എന്നാല്‍ പകുതി ദൂരം പിന്നിട്ടപ്പോള്‍ കാമരാജ് ദമ്പതികളുടെ ബൈക്കില്‍ ചവിട്ടുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്കും ദമ്പതികളും റോഡിലേക്ക് വീണു. ഉഷ സംഭവസ്ഥലത്തു തന്നെ മരിച്ചു. ധര്‍മരാജിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top