ബിജെപി-ടിഡിപി ഭിന്നത രൂക്ഷമാകുന്നു, ചന്ദ്രബാബു നായിഡു മന്ത്രിസഭയില്‍ നിന്ന് രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവെച്ചു

ചന്ദ്രബാബു നായിഡു

അമരാവതി: ആന്ധ്രാ പ്രദേശില്‍ ഭരണകക്ഷിയായ ടിഡിപിയും സഖ്യകക്ഷിയായ ബിജെപിയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ചന്ദ്രബാബു നായിഡു മന്ത്രിസഭയില്‍ നിന്ന് രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവെച്ചു. കേന്ദ്രമന്ത്രിസഭയില്‍ നിന്ന രണ്ട് ടിഡിപി അംഗങ്ങള്‍ ഇന്ന് രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനമന്ത്രിസഭയില്‍ നിന്നുള്ള ബിജെപി അംഗങ്ങളുടെ രാജി. അതേസമയം, ടിഡിപി ഉടന്‍ എന്‍ഡിഎ മുന്നണി വിടില്ലെന്നാണ് സൂചന.

സംസ്ഥാനമന്ത്രിസഭയിലെ രണ്ട് ബിജെപി അംഗങ്ങള്‍ രാവിലെ അമരാവതിയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് രാജിക്കത്ത് സമര്‍പ്പിച്ചത്.

ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കില്ലെന്ന കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനമാണ് ബിജെപിയും ടിഡിപിയും തമ്മിലുള്ള ഭിന്നത പൊടുന്നനെ രൂക്ഷമാക്കിയത്. നേരത്തെ കേന്ദ്രബജറ്റില്‍ മതിയായ പ്രാതിനിധ്യം സംസ്ഥാനത്തിന് നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദ്രബാബു നായിഡു ബിജെപിയുമായി ഇടഞ്ഞത്. തുടര്‍ന്ന് എന്‍ഡിഎ സഖ്യം വിടുന്നതടക്കം പരിഗണിക്കുമെന്ന് നായിഡു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ നായിഡുവിനെ നേരിട്ട് വിളിച്ച് സംസാരിക്കുകയും താത്കാലികമായി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കാനാകില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. പകരം പ്രത്യേക പാക്കേജ് സംസ്ഥാനത്തിന് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് സ്വീകാര്യമല്ലെന്നാണ് ടിഡിപിയുടെ നിലപാട്. തുടര്‍ന്നാണ് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പാര്‍ട്ടി പ്രതിനിധികളെ പിന്‍വലിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയത്. കേന്ദ്രവ്യോമയാനമന്ത്രി അശോക് ഗജപതിരാജു, ശാസ്ത്രസാങ്കേതിക സഹമന്ത്രി വൈഎസ് ചൗധരി എന്നിവരാണ് രാജിവെക്കുന്നത്.

“വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് ഞങ്ങള്‍ കേന്ദ്രമന്ത്രിസഭയില്‍ ചേര്‍ന്നത്. എന്നാല്‍ ആ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെങ്കില്‍ മന്ത്രിസഭയില്‍ തുടരുന്നതില്‍ പ്രയോജനമില്ല”. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top