ത്രിരാഷ്ട്ര ട്വന്റി20: ആദ്യജയം തേടി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ

ഇന്ത്യന്‍ ടീം

കൊളംബോ: ത്രിരാഷ്ട്ര ട്വന്റി20യില്‍ ആദ്യജയം തേടി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങും. ശ്രീലങ്കയ്‌ക്കെതിരായ ഓപ്പണിംഗ് മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. കൊളംബോ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം. ടൂര്‍ണമെന്റിലെ ബംഗ്ലാദേശിന്റെ ആദ്യ മത്സരമാണ് ഇന്നത്തേത്.

വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ താരതമ്യേന ഇന്ത്യയുടെ യുവനിരയാണ് അണിനിരക്കുന്നത്. ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ യുവനിരയുടെ കരുത്ത് തെളിയിക്കാനുള്ള മികച്ച അവസരം കൂടിയായിരുന്നു ടൂര്‍ണമെന്റെ്. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീം തീര്‍ത്തും നിറം മങ്ങുന്ന കാഴ്ചയായിരുന്നു കാണാനായത്. ശിഖര്‍ ധവാന്‍(49 പന്തില്‍ 90), മനീഷ് പാണ്ടെ(35 പന്തില്‍ 37) എന്നിവരുടെ പ്രകടനമാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്.

ധവാന്റെ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യയുയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക അഞ്ച് വിക്കറ്റുകള്‍ ശേഷിക്കെ മറികടക്കുകയായിരുന്നു. 37 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത തിസേര പെരേരയുടെ പ്രകടനമാണ് ആതിഥേയര്‍ക്ക് മികച്ച ജയം സമ്മാനിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പൂജ്യത്തിനും റെയ്‌ന ഒരു റണ്‍സുമെടുത്ത് പുറത്തായി. ബോളര്‍മാരില്‍ ശര്‍ദുള്‍ താക്കൂറും ജയദേവ് ഉനദ്ഘട്ടും തീര്‍ത്തും നിരാശപ്പെടുത്തി. പുതുമുഖ താരം വിജയ് ശങ്കറും, വാഷിംഗ്ടണ്‍ സുന്ദറും മാത്രമാണ് ഭേദപ്പെട്ട രീതിയില്‍ പന്തെറിഞ്ഞത്.

ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനോട് വിജയിച്ച് മുന്നേറാന്‍ തന്നെയാണ് ഇന്ത്യ ശ്രമിക്കുക. ടൂര്‍ണമെന്റിലെ ബംഗ്ലാദേശിന്റെ ആദ്യ മത്സരമാണ് ഇന്നത്തേത്. അതേസമയം പരുക്കേറ്റ ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസന് പകരം മഹമ്മദുള്ള ടീമിനെ നയിക്കും. കൈവിരലിനേറ്റ പരുക്കാണ് ഷക്കീബിന് പരമ്പര നഷ്ടമാകാന്‍ കാരണമായത്. മാര്‍ച്ച് 18 ന് കൊളംബോ ആര്‍ പ്രേമദാസ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുന്നത്.

ഇന്ത്യന്‍ ടീം രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍(വൈസ് ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, സുരേഷ് റെയ്‌ന, മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, വിജയ് ശങ്കര്‍, ശര്‍ദുള്‍ താക്കൂര്‍, ജയദേവ് ഉനദ്കദ്, മുഹമ്മദ് സിറാജ്, ഋഷഭ് പന്ത്

ബംഗ്ലാദേശ് ടീം മഹമ്മദുള്ള (ക്യാപ്റ്റന്‍), തമീം ഇഖ്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഇമ്രുള്‍ കയേസ്, മുഷ്ഫിഖര്‍ റഹിം, സാബിര്‍ റഹ്മാന്‍, മുസ്തഫീസര്‍ റഹ്മാന്‍, റുബെല്‍ ഹുസൈന്‍, തസ്‌കിന്‍ അഹമ്മദ്, അബു ഹൈഡര്‍, അബു ജയെദ്, ആരിഫല്‍ ഹഖ്, നസ്മുള്‍ ഇസ്ലാം, നൂറുല്‍ ഹസന്‍, മെഹിദി ഹസന്‍, ലിറ്റണ്‍ ദാസ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top