നെതര്‍ലന്‍ഡ്‌സ്: ചാണകം കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന മറ്റൊരു രാജ്യം

ഇന്ത്യയിലെ വഴികളില്‍ യാത്രചെയ്യുന്നവര്‍ക്ക് കുണ്ടും കുഴിയും മാത്രം ഭയന്നാല്‍ പോര. വഴിയിലൂടെ അലഞ്ഞുതിരിയുന്ന കാലികളേയും അവയുടെ വിസര്‍ജ്യത്തേയും സൂക്ഷിക്കണം. അലഞ്ഞുതിരിയുന്ന ഇത്തരം ജീവികളെ വഴിയില്‍നിന്ന് ഒഴിവാക്കാന്‍ ചില തത്പര കക്ഷികള്‍ സമ്മതിക്കാത്തതും ഈ പ്രശ്‌നത്തിന് പരിഹാരമില്ലാത്തതിന് ഒരു കാരണമാണ്.

ഇപ്പോള്‍ ഇന്ത്യ അനുഭവിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് പ്രശ്‌നം അനുഭവിക്കുന്ന ഒരു രാജ്യമാവുകയാണ് നെതര്‍ലന്‍ഡ്‌സ്. പശു തരുന്ന ഗുണങ്ങളോടൊപ്പം ചാണകം വലിയൊരു പ്രശ്‌നമാവുകയാണവിടെ. പാലുല്പാദനത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉറപ്പിച്ചുനിര്‍ത്തുന്നുണ്ട് എന്നതിനോടൊപ്പം ചാണക പ്രശ്‌നവും അതീവ ഗൗരവതരമായിക്കഴിഞ്ഞു.

ചാണകം കൂടിവന്നതോടെ ഇത് കൃത്യമായി സംസ്‌കരിക്കാനുള്ള പോംവഴി രാജ്യം കണ്ടെത്തിയില്ല. അതുകൊണ്ടുതന്നെ ഫാമുകളില്‍ ചാണകം കുന്നുകൂടി. ഇതിലെ ഫോസ്ഫറസ് മൂലം ജലവും മണ്ണും മലിനമായി. അമോണിയ അധികമായതോടെ വായുവും ചീത്തയായി. അമോണിയ, ഫോസ്ഫറസ് എന്നിവയുടെ നിയന്ത്രണത്തിനായി യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ഏര്‍പ്പെടുത്തിയ നിയമങ്ങളെല്ലാം നെതര്‍ലന്‍ഡ്‌സ് മറികടന്നു.

ഇത് നിയന്ത്രണമില്ലാതെ തുടര്‍ന്നതോടെ രാജ്യം അതീവ പ്രതിസന്ധിയിലായിരിക്കുകയാണ്. ചാണകം വന്‍ തോതില്‍ നശിപ്പിക്കാതെ മുന്നോട്ടുപോവുക സാധ്യമല്ലാതായി. ഈയവസ്ഥ മറികടക്കാന്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ചില നിര്‍ദ്ദേശങ്ങള്‍ രാജ്യത്തിന് മുന്നില്‍വച്ചു. രാജ്യത്ത് ഇത്രയും പശുക്കളെ പരിസ്ഥിതി സൗഹൃദമായി വളര്‍ത്താന്‍ സാധിക്കില്ല എന്നതാണ് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് പറയുന്നത്.

പശുക്കളുടെ എണ്ണത്തില്‍ 40 ശതമാനം കുറവുവരുത്താന്‍ രാജ്യം തയാറാകണമെന്നും നിര്‍ദ്ദേശമുണ്ട്. പത്തുവര്‍ഷം കൊണ്ടാണ് ഇത്രയും കുറവ് വരുത്തേണ്ടത്. ഈ സമയം കൊണ്ട് ചാണകം സംസ്‌കരിച്ച് മറ്റുപലരീതിയിലും ഉപയോഗിക്കണം. അല്ലെങ്കില്‍ പരിസ്ഥിതി സൗഹാര്‍ദ്ദമായി നശിപ്പിക്കണമെന്നും വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് നിര്‍ദ്ദേശിക്കുന്നു.

12 ലക്ഷം പശുക്കളാണ് നെതര്‍ലന്‍ഡ്‌സിലുള്ളത്. 80 ശതമാനം കര്‍ഷകരും അനുവദിച്ചതിലുമപ്പുറം ചാണകം ഉത്പാദിപ്പിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിക്കവെ വലിയ ശ്രമം തന്നെ രാജ്യം ഈ ചാണക പ്രശ്‌നത്തില്‍നിന്ന് രക്ഷപെടാന്‍ നടത്തേണ്ടിവരും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top