അവിശ്വസനീയം… ടെയ്‌ലറുടെ പ്രകടനവും കീവികളുടെ വിജയവും

സെഞ്ച്വറി നേടിയ ടെയ്‌ലറുടെ ആഹ്ലാദം

ഓവല്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ന്യൂസിലന്‍ഡിന് അഞ്ച് വിക്കറ്റിന്റെ അവിശ്വസനീയ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 336 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കെയാണ് കീവികള്‍ മറികടന്നത്. കാലിനേറ്റ പരുക്ക് വകവെക്കാതെ പൊരുതി ഉജ്ജ്വല സെഞ്ച്വറി നേടിയ റോസ് ടെയ്‌ലറാണ് കീവികളുടെ വിജയം തുന്നിയത്. ജയത്തോടെ അഞ്ച് കളികളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് ഒപ്പമെത്തി (2-2). സ്‌കോര്‍: ഇംഗ്ലണ്ട് ഒന്‍പതിന് 335; ന്യൂസിലന്‍ഡ് 49.3 ഓവറില്‍ അഞ്ചിന് 339.

ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ ജോണി ബെയര്‍ സ്‌റ്റോ (106 പന്തില്‍ 138), ജോ റൂട്ട് (101 പന്തില്‍ 102) എന്നിവരുടെ മികവിലാണ് 335 എന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗില്‍ രണ്ട് റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ കീവിസ് പരമ്പര തോല്‍വി മുന്നില്‍ കണ്ട് നില്‍ക്കെയാണ് ടെയ്‌ലര്‍ ടീമിനെ തിരികെ കൊണ്ടുവന്നത്. ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിനെയും (45) ടോം ലാഥത്തെയും കൂട്ടുപിടിച്ച് ടെയ്‌ലര്‍ നടത്തിയ അവിശ്വസനീയ പോരാട്ടം വിജയത്തിലെത്തിച്ചു. 147 പന്തില്‍ 181 റണ്‍സെടുത്ത ടെയ്‌ലര്‍ പുറത്താകാതെ നിന്നുു. 17 ഫോറുകളും ആറ് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. നാലാം വിക്കറ്റില്‍ ടെയ്‌ലര്‍-ലാഥം കൂട്ടുകെട്ട് തീര്‍ത്ത 187 റണ്‍സാണ് വിജയത്തില്‍ നിര്‍ണായകമായത്.

മത്സരത്തിനിടെ ടെയ്‌ലര്‍ വീണപ്പോള്‍

മത്സരത്തിനിടെ കാലിനേറ്റ പരുക്ക് വകവെക്കാതെയായിരുന്നു ടെയ്‌ലറുടെ പ്രകടനം. സെഞ്ച്വറിക്ക് അരികില്‍ നില്‍ക്കെ റണ്ണൗട്ടില്‍ നിന്ന് രക്ഷപെടാന്‍ ക്രീസിലേക്ക് ഡൈവ് ചെയ്തപ്പോഴാണ് ടെയ്‌ലറുടെ കാലിന് പരുക്കേറ്റത്. ഇതിന്റെ വേദനയും സഹിച്ചായിരുന്നു അപരാജിത സെഞ്ച്വറിയുമായി ടെയ്‌ലര്‍ തിളങ്ങിയത്. നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് ജയിച്ചപ്പോള്‍ അടുത്ത രണ്ട് മത്സരങ്ങളും സ്വന്തമാക്കി ഇംഗ്ലണ്ട് മുന്നിലെത്തുകയായിരുന്നു.

ഏകദിന ക്രിക്കറ്റില്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ ഒരു താരം നേടുന്ന ഉയര്‍ന്ന നാലാമത്തെ സ്‌കോറും ടെയ്‌ലര്‍ ഇതിലൂടെ സ്വന്തമാക്കി. ഷെയ്ന്‍ വാട്‌സണ്‍ (185), വിരാട് കോഹ്‌ലി (183*), എംഎസ് ധോണി (183) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളവര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top