ശുഹൈബ് വധത്തിലെ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി പി ജയരാജന്‍; പാര്‍ട്ടിക്ക് ഒന്നും മറച്ചുവയ്ക്കാനില്ല

പി ജയരാജന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐഎമ്മിന് യാതൊന്നും മറച്ചുവയ്ക്കാനില്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍.

എടയന്നൂരിലെ ശുഹൈബിന്റെ കൊലപാതകം സംബന്ധിച്ച് പാര്‍ട്ടി നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ജയരാജന്‍ പറഞ്ഞു. ആ നിലാപാട് തന്നെയാണ് ഇപ്പോഴുമുള്ളതെന്നും ജയരാജന്‍ പറഞ്ഞു. ഹൈക്കോടതി വിധിയോട് പ്രതികരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടറി.

കേസില്‍ കേരള പൊലീസ് ശരിയായ അന്വേഷണമാണ് നടത്തിക്കൊണ്ടിരുന്നത്. പിടിയിലായ പ്രതികള്‍ ഡമ്മി പ്രതികളാണ് എന്ന് ആക്ഷേപം ഉന്നയിച്ചത് കോണ്‍ഗ്രസുകാരാണ്. പിന്നീട് അവര്‍തന്നെ അത് തിരുത്തി യഥാര്‍ത്ഥപ്രതികളാണ് പൊലീസ് പിടിയിലായത് എന്ന് പറഞ്ഞു. എന്നാല്‍ ഇങ്ങനെ തിരുത്തിപ്പറയുന്ന രീതി ഞങ്ങള്‍ക്കില്ല. അന്ന് പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ജയരാജന്‍ വ്യക്തമാക്കി.

വധക്കേസില്‍ ഗൂഢാലോചന നടത്തിയവരെ അടക്കം കേരള പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നല്ല രീതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്. സിബിഐയെ കാട്ടി സിപിഐഎമ്മിനെ വിരട്ടാന്‍ ആരും നോക്കേണ്ടെന്നാണ് വലതുപക്ഷ രാഷ്ട്രീയക്കാരോടും ഇതിന് ഓശാന പാടുന്ന മാധ്യമങ്ങളോടും പറയാനുള്ളതെന്നും ജയരാജന്‍ വ്യക്തമാക്കി.

കേരള സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് ഹൈക്കോടതി, സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്‌. കേസ് ഡയറി എത്രയും വേഗം സിബിഐയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികളെല്ലാം പിടിയിലായിട്ടുണ്ടെന്നും അതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top