കുട്ടികളെ ലൈംഗീകമായി ഉപദ്രവിക്കല്‍; വിവരം മറച്ചുവച്ചാലും തടവ് ശിക്ഷ: സബ്ജഡ്ജ് ഫിലിപ്പ് തോമസ്

കാസര്‍ഗോഡ് : പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ ലൈംഗീക അതിക്രമത്തിന് ഇരയായതായി വിവരം ലഭിച്ചാല്‍ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെ മറച്ചുവച്ചാല്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് കാസര്‍കോട് സബ് ജഡ്ജിയും ഡിഎല്‍എസ്എ സെക്രട്ടറിയുമായ ഫിലിപ്പ് തോമസ് പറഞ്ഞു.

പ്രസ് ക്ലബില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കാസര്‍കോട് പ്രസ് ക്ലബിന്റെ സഹകരണത്തോടെ നടത്തിയ പോക്‌സോ മാധ്യമ ശില്പശാലയില്‍ ‘പോക്‌സോ നിയമം എന്ത്, എന്തിന്’ എന്ന വിഷയത്തില്‍ ക്ലാസ് എടുക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ക്കെതിരായ ഏതു ലൈംഗീക ഉപദ്രവവും ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഈ അതിക്രമങ്ങളെക്കുറിച്ച് ആര്‍ക്കെങ്കിലും വിവരം ലഭിച്ചാല്‍ അത് 24 മണിക്കൂറിനുള്ളില്‍ പോലീസിനെയോ സ്‌പെഷല്‍ ജുവനൈല്‍ പോലീസ് യുണിറ്റിനെയോ മറ്റ് ബന്ധപ്പെട്ട അധികാരികളെയോ അറിയിച്ചിരിക്കണം. വിവരം ആരെയും അറിയിക്കാതെ മറച്ചുവച്ചാല്‍ ആറു മാസം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണത്.

2007ലെ കണക്കുപ്രകാരം നമ്മുടെ രാജ്യത്ത് 52 ശതമാനത്തോളം കുട്ടികള്‍ വിവിധതരത്തിലുള്ള ലൈംഗീക ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ 2012ല്‍ പോക്‌പോ നിയമം പ്രാബല്യത്തില്‍ വരുന്നത്. പോക്‌സോ നിയമപ്രകാരം കുറ്റവാളികള്‍ക്ക് മൂന്നുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ കഠിനതടവ് ലഭിക്കുന്നുണ്ട്. കുറ്റം തെളിയിക്കപ്പെടുന്ന ഒരാള്‍പോലും രക്ഷപ്പെടുന്നില്ല. കുട്ടികളെ ലൈംഗീക അതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതില്‍ അത്ര ശക്തമാണു പോക്‌സോ നിയമം. ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങളും കൂടുതല്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ശിക്ഷ ലഭിക്കുന്നതിനുവരെ കാരണമാകും.

ലൈംഗീക അതിക്രമത്തിന് ഇരയാകുന്ന കുട്ടികളുടെ പേര്, വിലാസം, ഫോട്ടോ, സ്‌കൂള്‍, കുട്ടിയെ മനസിലാക്കുവാന്‍ കഴിയുന്ന തരത്തിലുള്ള മറ്റ് എന്തെങ്കിലും വിവരങ്ങള്‍ എന്നിവ വാര്‍ത്തയില്‍ വന്നാല്‍ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കുട്ടിയുടെ പിതാവാണു പ്രതിയെങ്കില്‍ അയാളുടെ വിവരങ്ങള്‍ വാര്‍ത്തയായി നല്‍കിയാലും കുട്ടിയെ തിരിച്ചറിയുന്നതിനു കാരണമാകും. അതുകൊണ്ടുതന്നെ ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ക്കെതിരായ അപകീര്‍ത്തികരമായ വാര്‍ത്തയില്‍ പോലീസിന് സ്വമേധയ കേസ് എടുക്കാന്‍ അവകാശമില്ലെന്നും അങ്ങനെ പോലീസ് ചെയ്യുകയാണെങ്കില്‍ അത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top