സഭയുടെ വസ്തുക്കള്‍ ഇനിയും വില്‍ക്കും, കാശ് പുട്ടടിക്കും; ആരുണ്ട് ചോദിക്കാനെന്ന് അഡ്വക്കേറ്റ് എ ജയശങ്കര്‍

പ്രതീകാത്മക ചിത്രം

കൊച്ചി: സഭയുടെ വസ്തുക്കള്‍ ഇനിയും വില്‍ക്കും, കാശ് പുട്ടടിക്കും ആരുണ്ട് ചോദിക്കാനെന്ന് അഡ്വക്കേറ്റ് എ ജയശങ്കര്‍. സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ കര്‍ദ്ദിനാളിനെ പരിഹസിച്ച് അഡ്വക്കേറ്റ് എ ജയശങ്കര്‍. തനിക്കെതിരെ കേസെടുക്കാനാകില്ലെന്നും കാനോന്‍ നിയമം മാത്രമെ തനിക്ക് ബാധകമാവുകയുള്ളൂ എന്നുമായിരുന്നു കര്‍ദിനാളിന്റെ വിചിത്ര വാദം ഇതിനെതിരെ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ജയശങ്കര്‍ രംഗത്തെത്തിയത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി കച്ചവടത്തെ പറ്റി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് കേരള ഹൈക്കോടതി കല്പിച്ചു. ഇന്ത്യാ മഹാരാജ്യത്തെ നിയമവ്യവസ്ഥ കത്തോലിക്കാ തിരുസഭയ്ക്ക് ബാധകമല്ല, കാനോൻ നിയമപ്രകാരം സഭയുടെ വസ്തുവകകൾ തന്നിഷ്ട പ്രകാരം വിറ്റ് പുട്ടടിക്കാൻ തനിക്ക് അധികാരമുണ്ട്, ദൈവദത്തമായ ആ അധികാരത്തെ ചോദ്യം ചെയ്യാൻ ദൈവത്തിന് പോലും അധികാരമില്ല എന്നായിരുന്നു അത്യുന്നത കർദിനാളിന്റെ അവകാശവാദം. പൊലീസിന്റെ നിലപാടും ഏറെക്കുറെ അതുതന്നെ ആയിരുന്നു.

എന്നാൽ ബഹുമാനപ്പെട്ട ഹൈക്കോടതിക്ക് അത് തീരെ ബോധ്യമായില്ല. കർദിനാളിന് തെറ്റാവരമില്ല, കാനോൻ നിയമത്തിനും മുകളിലാണ് ഇന്ത്യൻ ഭരണഘടന എന്ന് വിധി കല്‍പിച്ചു. ജസ്റ്റിസ് ബി കമാൽ പാഷയാണ് ഐതിഹാസികമായ ഈ വിധിന്യായം എഴുതിയത്. കഷ്ടിച്ച് മൂന്നു കൊല്ലം മുമ്പ്, നിതാന്ത വന്ദ്യ ദിവ്യശ്രീ കരിങ്ങോഴക്കൽ മാണിയെ കുരിശിൽ തറച്ചതും ഇതേ ജഡ്ജി ആയിരുന്നു.

സീസറിൻ്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന പരാമർശത്തെ തുടർന്ന് പാവം മാണി രാജിവെച്ചു. എന്നാൽ, കമാൽ പാഷ കേസെടുക്കാൻ കല്‍പിച്ചു എന്നുകരുതി കർദിനാൾ സ്ഥാനം ഉപേക്ഷിക്കാൻ മാർ ജോർജ് ആലഞ്ചേരി തയ്യാറല്ല. അദ്ദേഹം ആമരണം മേജർ ആർച്ച് ബിഷപ്പായി തുടരും. സഭയുടെ വസ്തുക്കൾ ഇനിയും വില്ക്കും, കാശ് പുട്ടടിക്കും. ആരുണ്ട് ചോദിക്കാൻ?

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top