ചൈനയുടെ ബഹിരാകാശ നിലയം ഭൂമിയില്‍ പതിക്കും; മുന്നറിയിപ്പുമായി ശാസ്ത്രലോകം

ഫയല്‍ചിത്രം

ബെയ്ജിങ്: ചൈനയുടെ ബഹിരാകാശ നിലയമായ ടിയാന്‍ഗോങ്-1 ആഴ്ചകള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിക്കുമെന്ന മുന്നറിയിപ്പുമായി ശാസ്ത്ര ലോകം. എവിടെയാണ് നിലയം പതിക്കുകയെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ചൈന സമ്മതിക്കുന്നത് കഴിഞ്ഞ 2016ലാണ്.

നിലയത്തിന്റെ ഒരു ഭാഗം ഭൂമിയില്‍ പതിക്കാനുള്ള സാധ്യതയുണ്ടെന്ന് എയ്‌റോ സ്‌പേസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു. വിഷലിപ്തവും അപകടകരവുമായ ഹൈഡ്രസിന്‍ ഇന്ധനം ബഹിരാകാശ നിലയം വഹിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
യുറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പ്രവചനപ്രകാരം മാര്‍ച്ച് 24നും ഏപ്രില്‍ 19നും ഇടയ്ക്ക് നിലയം താഴേക്ക് പതിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലയത്തിന്റെ 100 കിലോയോളം ഭൂമിയില്‍ പതിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്ക്കൂട്ടല്‍.

2011ലാണ് 8500 ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ്-1 ബഹിരാകാശ നിലയം ചൈന വിക്ഷേപിക്കുന്നത്. രാജ്യാന്തര ബഹിരാകാശ മാതൃകയിലാണ് ചൈന ടിയാന്‍ഗോങ് വികസിപ്പിച്ചിരിക്കുന്നത്. ചൈനീസ് ശാസ്ത്രജ്ഞര്‍ക്ക് മാസങ്ങളോളം ബഹിരാകാശത്ത് തങ്ങി പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരമൊരുക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top