വര്‍ഗീയ സംഘര്‍ഷം; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വര്‍ഗീയ സംഘര്‍ഷത്തിലെ ഒരു ദൃശ്യം

കൊളംബോ: ബുദ്ധമത വിശ്വാസികളും മുസ്‌ലീങ്ങളും തമ്മിലുള്ള സംഘഷത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വര്‍ഗീയസംഘര്‍ഷം പടരുന്നത് തടയുന്നതിനും അക്രമികള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനുമാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്ന് ലങ്കന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

എതാനും വര്‍ഷങ്ങളായി ലങ്കയില്‍ ഭൂരിപക്ഷമായ സിഹള ബുദ്ധമതക്കാരും മുസ്‌ലിങ്ങളും തമ്മില്‍ ശക്തമായ ചേരിതിരിവും ചിലയിടങ്ങളില്‍ സംഘര്‍ഷവും നിലനില്‍ക്കുന്നുണ്ടായിരുന്നു. ബുദ്ധമത വിശ്വാസികളെ പലയിടത്തും കൂട്ടത്തോടെ ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്നാണ് ബുദ്ധമതവിശ്വാസികളുടെ ആക്ഷേപം. ഇതുകൂടാതെ പല ബുദ്ധചരിത്രസ്മാരകങ്ങളും അടുത്തകാലത്ത് വിവിധിയടങ്ങളില്‍ തകര്‍ക്കപ്പെടുന്നുവെന്നും ഇതിന് പിന്നില്‍ മുസ്‌ലീങ്ങളാണ് എന്നും ബുദ്ധമതവിശ്വാസികള്‍ ആരോപിക്കുന്നു. ഇതേതടുര്‍ന്നാണ് വിവിധയിടങ്ങളില്‍ സംഘര്‍ഷം രൂക്ഷമായത്. കാന്‍ഡി ജില്ലയിലാണ് സംഘര്‍ഷം വ്യാപകമായിരിക്കുന്നത്.

കഴിഞ്ഞമാസം വര്‍ഗിയ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റിരുന്നു. എതാനും മുസ്‌ലീം പള്ളികള്‍ക്കും മുസ്‌ലീം വിശ്വാസികളുടെ സ്ഥാപനങ്ങള്‍ക്കും നേര്‍ക്ക് ആക്രമണവും നടന്നിരുന്നു.

ഇതിനിടെ, ബുദ്ധമതഭൂരിപക്ഷ രാജ്യമായ മ്യാന്‍മാറില്‍ നിന്നുള്ള അഭയാര്‍ത്ഥികളായ റോഹിങ്ക്യ മുസ്‌ലീങ്ങള്‍ക്ക് രാജ്യത്ത് അഭയം നല്‍കുന്നതില്‍ ബുദ്ധമത നേതാക്കള്‍ എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം വിരുദ്ധതാല്‍പര്യങ്ങള്‍ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് എത്തിയതും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതും.

ശ്രീലങ്കയിലെ 2.1 കോടി ജനങ്ങളില്‍ സിംഹള ബുദ്ധമതവിശ്വാസികള്‍ 75 ശതമാനമുണ്ട്. പത്ത് ശതമാനമാണ് മുസ്‌ലീങ്ങള്‍. രാജ്യത്ത് ഹിന്ദുക്കളുടെ ജനസംഖ്യം 13 ശതമാനമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top