പിഎന്‍ബി: വിപുല്‍ അംബാനിയെയും കൂട്ടരെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

പ്രതീകാത്മക ചിത്രം

മുംബൈ: പിഎന്‍ബി സാമ്പത്തിക തട്ടിപ്പ് കേസില്‍ നീരവ് മോദിയുടെ ഫൈവ് സ്റ്റാര്‍ ഡയമണ്ട് കമ്പനി പ്രസിഡന്റ് വിപുല്‍ അംബാനിയടക്കം ആറുപേരെ പ്രത്യേക സിബിഐ കോടതി മാര്‍ച്ച് 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വിപുലിന് പുറമെ ഫൈവ് സ്റ്റാര്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് അര്‍ജുന്‍ പട്ടീല്‍, നക്ഷത്ര ഗ്രൂപ്പ് സിഎഫ്ഒ കപില്‍ ഖന്ദേല്‍വല്‍, ഗീതാഞ്ജലി മാനേജര്‍ നിതെന്‍ ഷാഹി, എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് രാജേഷ് ജിന്‍ഡല്‍, കവിത മാന്‍കികര്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ നീരവ് മോദിയുള്‍പ്പെട്ട തട്ടിപ്പ് കേസില്‍ ആറുപേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിപുലിന്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പഞ്ചാബ് നാഷണല്‍ ബാങ്കിനെ(പിഎന്‍ബി) കബളിപ്പിച്ച് 11,400 കോടി രൂപയോളം തട്ടിയെടുത്ത വജ്രവ്യാപാരി നീരവ് മോദിയുടെ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് വിപുല്‍. മുംബൈ ഫോര്‍ട്ടിലെ വീര്‍ നരിമാന്‍ റോഡ് ബ്രാഡിഹൗസ് ശാഖയിലാണ് തട്ടിപ്പ് നടന്നത്. ഇന്ത്യന്‍ ബാങ്കിങ് രംഗത്തെ എക്കാലത്തെയും വലിയ തട്ടിപ്പായാണ് ഇതിനെ വിലയിരുത്തുന്നത്.

ബയേഴ്‌സ് ക്രെഡിറ്റ് സംവിധാനം ഉപയോഗിച്ചാണ് ആയിരക്കണക്കിന് കോടി രൂപ തട്ടിച്ച് നീരവ് മോദി രാജ്യം വിട്ടത്. സ്വന്തം പേരിലും സഹോദരന്റെയും ഭാര്യയുടെയും അമ്മാവന്റെയും പേരിലും നീരവ് മോദി, പിഎന്‍ബിയുടെ മുംബൈ ഫോര്‍ട്ടിലെ വീര്‍ നരിമാന്‍ റോഡ് ബ്രാഡി ഹൗസിലെ ശാഖയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസില്‍ സിബിഐ അന്വേഷണം നടത്തിയപ്പോഴാണ് 2011 മുതല്‍ ബയേഴ്‌സ് ക്രെഡിറ്റ് സംവിധാനം ഉപയോഗപ്പെടുത്തി മോദി വന്‍ വെട്ടിപ്പ് നടത്തിയ വിവരം പുറത്തുവന്നത്. ഇയാള്‍ക്ക് പണം അനുവദിച്ചതുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി ജനറല്‍ മാനേജരടക്കം പതിനെട്ടോളം ബാങ്ക് ജീവനക്കാര്‍ക്ക് പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇവരെ സസ്‌പെന്റ് ചെയ്തു.

വന്‍കിട ബിസിനസുകാര്‍ക്ക് ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിന് സൗകര്യം ഒരുക്കിക്കൊടുക്കുന്ന സംവിധാനമാണ് ബയേഴ്‌സ് ക്രെഡിറ്റ് (ലെറ്റര്‍ ഓഫ് കംഫര്‍ട്ട്). ഈ സംവിധാനം ഉപയോഗിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ജാമ്യത്തില്‍ വിദേശബാങ്കുകളില്‍ നിന്ന് വന്‍തോതില്‍ നീരവ് മോദി പണം പിന്‍വലിച്ചതോടെ പണത്തിന്റെ ഉത്തരവാതിത്തം പിഎന്‍ബിക്ക് വന്നതാണ് തട്ടിപ്പിന്റെ അടിസ്ഥാനം. പണം പിന്‍വലിച്ച മോദി ജനുവരി ആദ്യം തന്നെ കുടുംബത്തോടൊപ്പം രാജ്യം വിട്ട് ബല്‍ജിയത്തിലേക്ക് കടക്കുകയായിരുന്നു.

നീരവ് മോദിയുടെ അടുത്ത ബന്ധുക്കളുള്ളത് ബല്‍ജിയത്തിലാണ്. ബല്‍ജിയത്തിലേക്ക് കുടിയേറിയ വജ്രവ്യാപാരികളുടെ കുടുംബത്തിലാണ് നീരവ് മോദി ജനിച്ചത്. പിന്നീട് ഇന്ത്യ കേന്ദ്രീകരിച്ച് വജ്രവ്യാപാരം നടത്തുകയായിരുന്നു നീരവ്. 2017 ല്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 85 ാംസ്ഥാനത്ത് ഫോബ്‌സ് മാഗസിന്‍ ഉള്‍പ്പെടുത്തിയിരുന്ന മോദിക്ക് 180 കോടി ഡോളറിന്റെ സമ്പാദ്യമുണ്ടെന്നാണ് മാഗസിന്‍ പറഞ്ഞിരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top