കൊച്ചി സ്‌റ്റേഡിയം വന്‍ ദുരന്തത്തിന്റെ വക്കില്‍; അധികൃതര്‍ക്ക് ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ അവസാന അവസരം (വീഡിയോ)

കൊച്ചി സ്‌റ്റേഡിയത്തിന്റെ അകത്തുനിന്നുള്ള കാഴ്ച്ച

കൊച്ചി കലൂരിലെ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയം വന്‍ ദുരന്തത്തിന്റെ വക്കില്‍. കാലപ്പഴക്കം കൊണ്ടും അറ്റകുറ്റപ്പണികളുടെ അഭാവം മൂലവും സ്റ്റേഡിയത്തിന്റെ മുകള്‍ തട്ടുകള്‍ കുലുങ്ങുകയാണ്. കാണികള്‍ ആഹ്ലാദാരവം പ്രകടിപ്പിക്കാനായി എഴുന്നേറ്റുനില്‍ക്കുമ്പോഴും ചാടുമ്പോഴുമെല്ലാം ഇപ്പോള്‍ ഇടിഞ്ഞുവീഴുമെന്ന മട്ടില്‍ വിറയ്ക്കുകയാണ് സ്‌റ്റേഡിയം.

സ്‌റ്റേഡിയത്തിന്റെ നിലവിലെ അവസ്ഥ കൃത്യമായി ചൂണ്ടിക്കാണിക്കുന്ന ഒരു വീഡിയോ ഒരു ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു. ഇത് നവമാധ്യമങ്ങള്‍വഴി പ്രചരിക്കുന്നുമുണ്ട്. സ്റ്റേഡിയത്തിലെ ഈസ്റ്റ് ബ്ലോക്കിന്റെ മുകളിലെ വിള്ളലും അവിടം തെന്നിമാറുന്നതുമാണ് വീഡിയോയിലുള്ളത്. ഇന്നല്ലെങ്കില്‍ നാളെ കാണികളുടെ തലയിലേക്കാകും ഇത് ഇടിഞ്ഞുവീഴുന്നത്. പിന്നെ നടക്കുന്ന ദുരന്തം എന്തെന്ന് ഊഹിക്കാന്‍ പോലുമാകില്ല.

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യയിലെത്തിക്കാന്‍ മുഖ്യ പങ്കുവഹിച്ച ഹായിവര്‍ സെപ്പി ഐസ്എല്ലിന്റെ ഉദ്ഘാടന മത്സരത്തിന് ശേഷം ഇക്കാര്യം സൂചിപ്പിച്ച് ഒരു ട്വീറ്റ് ഇട്ടിരുന്നു. സ്‌റ്റേഡിയം അപകടത്തിലാണ് എന്ന് സെപ്പി അഭിപ്രായപ്പെട്ടു. ഏറ്റവും മുകളിലെ നിലയില്‍ ആളുകളെ കയറാന്‍ അനുവദിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിച്ചു.

ലോകകപ്പ് ഇവിടെ നടന്നപ്പോള്‍ സ്‌റ്റേഡിയത്തിന്റെ കപ്പാസിറ്റി പകുതിയിലും താഴെയായി കുറച്ചിരുന്നു. 65,000 ആളുകള്‍ക്ക് ഇരിപ്പിടമുണ്ടായിരുന്ന സ്റ്റേഡിയത്തില്‍ ഇപ്പോള്‍ 29,000 ആളുകള്‍ക്ക് മാത്രമേ കളി വീക്ഷിക്കാനാകൂ. എന്തെങ്കിലും അപകടമുണ്ടായാല്‍ ആളുകളെ ഒഴിപ്പിക്കാന്‍ സാധിക്കില്ല എന്ന് ഫിഫ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് സീറ്റുകള്‍ കുറച്ചത്. ഇപ്പോഴും സ്‌റ്റേഡിയത്തിന്റെ നില സുരക്ഷിതമല്ല എന്നാണ് ലഭിക്കുന്ന സൂചനകളെല്ലാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top