മുഖ്യമന്ത്രി പിണറായി വിജയനും കമല്‍ഹാസനും ചെന്നൈയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി; പതിവ് പരിശോധനയ്ക്കായി അപ്പോളോയില്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന്‍ നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസനുമായി ചെന്നൈയില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തി. പതിവ് പരിശോധനയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയതിനു ശേഷം ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കുകയായിരുന്ന മുഖ്യമന്ത്രിയെ കമല്‍ഹാസന്‍ കാണാനെത്തുകയായിരുന്നു.

മക്കള്‍ നീതി മയ്യം എന്ന പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയ ശേഷം ആദ്യമായാണ് കമല്‍ഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനച്ചടങ്ങിനിടെ മുഖ്യമന്ത്രി കമലഹാസന് വീഡിയോ കോണ്‍ഫറന്‍സ് വഴി ആശംസകള്‍ നേര്‍ന്നിരുന്നു.

രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ അഭിനയം നിര്‍ത്തുകയാണെന്നും കമലഹാസന്‍ പ്രഖ്യാപിച്ചിരുന്നു. മുഴുവന്‍ സമയവും രാഷ്ട്രീയത്തില്‍ ചെലവഴിക്കുന്നതിനാണ് അഭിനയം നിര്‍ത്തുന്നതെന്നാണ് കമലഹാസന്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയും കമലഹാസനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പുലര്‍ച്ചെ 2.30ഓടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയെ അപ്പോളോ ആശുപത്രിയിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതേസമയം പതിവ് പരിശോധനയ്ക്കായാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയതെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു.

സാധാരണ നടത്താറുള്ള പരിശോധനയുടെ ഭാഗമായാണ് ഇത്തവണയും അപ്പോളോയില്‍ എത്തിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചിരുന്നു. ഭാര്യ കമല ആശുപത്രി യാത്രകളില്‍ ഒപ്പമുണ്ടാകാറുള്ളതാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പരിശോധനകള്‍ക്ക് ശേഷം വൈകുന്നേരത്തോടെ ഗസ്റ്റ് ഹൗസില്‍ തിരിച്ചെത്തിയ ശേഷമാണ് കമല്‍ഹാസന്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top