ത്രിപുരയില്‍ ബിജെപി ആദ്യം എംഎല്‍എമാരെ ചാക്കിട്ടുപിടിച്ചു; പിന്നീട് ഭരണം നേരിട്ടും പിടിച്ചു

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ തൃണമൂല്‍ വിട്ട് ബിജെപി പാളയത്തിലെത്തിയ സുധീപ് റോയ് ബര്‍മന്റെ നേതൃത്വത്തിലുള്ള എംഎല്‍എമാര്‍
അഗര്‍ത്തല: ത്രിപുരയില്‍ കാല് നൂറ്റാണ്ടായി ഭരണം നടത്തുന്ന ഇടത് പക്ഷത്തിന് വന്‍ തിരിച്ചടിയാണ് ഇത്തവണയുണ്ടായത്. 60 സീറ്റുകളില്‍ 43 സീറ്റുകളാണ് ബിജെപി സഖ്യം നേടിയത്. 16 സീറ്റുകള്‍ മാത്രമാണ് സിപിഐഎമ്മിന് നേടാന്‍ കഴിഞ്ഞത്. സംസ്ഥാനത്ത് പതിറ്റാണ്ടുകളായി പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ ഒരു സീറ്റില്‍ പോലും വിജയം നേടാന്‍ കഴിഞ്ഞില്ല.
2013 ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍പ്പോലും വിജയം നേടാന്‍ കഴിയാതിരുന്ന ബിജെപിയാണ് ഇത്തവണ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ഭരണത്തിലെത്തുന്നത്. കഴിഞ്ഞതവണ 49 സീറ്റുകളാണ് സിപിഐഎമ്മിനുണ്ടായിരുന്നത്.

പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന് 10 എംഎല്‍എമാരാണുണ്ടായിരുന്നത്. സുധീപ് റോയ് ബര്‍മന്റെ നേതൃത്വത്തില്‍ ഇതില്‍ ആറ് പേര് പിന്നീട് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറുകയും പിന്നീട് കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ബിജെപിയിലെത്തുകയുമായിരുന്നു. ഇതോടെ ബിജെപി ഇവിടെ ആറ് എംഎല്‍എമാരുമായി മുഖ്യപ്രതിപക്ഷമാകുകയും ഇത്തവണ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഭരണം പിടിക്കുകയുമായിരുന്നു.
2016 ലെ പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ കോണ്‍ഗ്രസ് പാര്‍ട്ടിയും സിപിഐഎമ്മും സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ഈ എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് തൃണമൂലിലെത്തിയത്.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമായി ക്രോസ് വോട്ട് ചെയ്തിതിനെ തുടര്‍ന്നാണ് ഈ ആറ് തൃണമൂല്‍ എംഎല്‍എമാരും പാര്‍ട്ടിയുമായി ഇടഞ്ഞത്. ഇതിന് പിന്നാലെ ഇവരെ സ്വന്തം പാളയത്തിലെത്തിക്കാന്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ത്രിപുര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് നേതാവ് സുനില്‍ ദേവ്ധറിന് കഴിഞ്ഞു. ത്രിപുരയില്‍ ബിജെപിക്ക് വേണ്ടി തന്ത്രങ്ങള്‍ ആവിഷ്കരിച്ച് വിജയകരമായി നടപ്പാക്കിയത് സുനില്‍ ദേവ്ധറായിരുന്നു. ആര്‍എസ്എസ് നേതാവും ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി രാം മാധവും ആസാമിലെ ബിജെപി മന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഹിമാന്ത ബിശ്വാസ് ശര്‍മയും ഇദ്ദേഹത്തിനൊപ്പം ചേര്‍ന്ന് കൃത്യമായി തന്നെ തന്ത്രങ്ങള്‍ മെനഞ്ഞു.
കോണ്‍ഗ്രസ് പശ്ചാത്തലമുള്ള ആറ് എംഎല്‍എമാരെ വച്ച് കളി തുടങ്ങിയ ബിജെപി ഒടുവില്‍ 43 എംഎല്‍എമാരെന്ന മാന്ത്രികസംഖ്യയിലെത്തി വിസ്മയം സൃഷ്ടിച്ച് ഭരണവും പിടിച്ചു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക