അന്യ ജാതിക്കാരനുമായി പ്രണയത്തിലായി; പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വിഷം കൊടുത്ത് കൊലപ്പെടുത്തി

പ്രതീകാത്മക ചിത്രം

മൈസൂര്‍: അന്യ ജാതിക്കാരനുമായി പ്രണയത്തിലായ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വിഷം കൊടുത്ത് കൊലപ്പെടുത്തി. മൈസൂരില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഗൊല്ലനബീടു ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. സുഷമ എന്ന പെണ്‍കുട്ടിയെയാണ് മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്.

സുഷമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിതാവ്  കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുഷമയുടെ മാതാവ് ജയന്തി, കേസിലെ മൂന്നാം പ്രതിയായ കെമ്പ എന്നിവര്‍ ഒളിവിലാണ്. പൊലീസ് ഇവര്‍ക്കായുള്ള അന്വേഷണം നടത്തി വരികയാണ്.

ഇവരുടെ അയല്‍ ഗ്രാമമായ ആലഹള്ളിയിലുള്ള ഉമേഷ് എന്ന യുവാവുമായാണ് സുഷമ പ്രണയത്തിലായത്. ഇവരുടെ പ്രണയത്തെക്കുറിച്ച് സുഷമയുടെ വീട്ടുകാര്‍ അറിഞ്ഞു. ഇതോടെ മാതാപിതാക്കള്‍ സുഷമയെ കോളെജില്‍ പോകാന്‍ അനുവദിക്കാതെ വീട്ടില്‍ പൂട്ടിയിട്ടു. പിന്നീട് സുഷമ ഉമേഷുമായി ഒളിച്ചോടി പോവുകയും അമ്പലത്തില്‍ വെച്ച് വിവാഹിതരാവുകയും ചെയ്തു.

സുഷമയെ വീട്ടുകാര്‍ ബലമായി തിരിച്ചുകൊണ്ടുവന്നു. വീട്ടിലെത്തിയ ശേഷം ജ്യൂസില്‍ വിഷം കലര്‍ത്തി സുഷമയ്ക്ക് നല്‍കി. മരണം ഉറപ്പു വരുത്തിയതിനുശേഷം മൃതദേഹം കത്തിക്കുകയും വയലില്‍ സംസ്‌കരിക്കുകയും ചെയ്തു. കൊലപാതകം മറ്റുള്ളവര്‍ അറിയാതിരിക്കാനായി ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഉഴുകുകയും ചെയ്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top