ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 470 കിലോമീറ്റര്‍ സഞ്ചരിക്കാം; ഇലക്ട്രിക് രാജാക്കന്മാരെ വിറപ്പിക്കാന്‍ ഹ്യുണ്ടായ്

വാഹനലോകം കൂടുതല്‍ മികച്ചതും കാര്യക്ഷമമവും ആകുന്നത് ഇലക്ട്രിക് കരുത്തില്‍ കുതിക്കാനാരംഭിക്കുമ്പോഴാണ്. ടെസ്‌ലയും ലീക്കോയും പോലുള്ള കമ്പനികള്‍ അതിശയിപ്പിക്കുന്ന തരത്തിലുളള ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ നിലവിലെ വാഹന നിര്‍മാതാക്കളും കളം മാറ്റിച്ചവിട്ടാനൊരുങ്ങുന്നു.

ഹ്യുണ്ടായിയുടെ ശ്രദ്ധേയ മോഡലായ കോന ഇലക്ട്രിക് വെര്‍ഷന്‍ പുറത്തിറക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. എന്നാല്‍ വൈകാതെ പുറത്തിറങ്ങുന്ന ഈ ചെറു ഇലക്ട്രിക് എസ്‌യുവിയുടെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വാഹന ലോകത്തെ ചര്‍ച്ചകളില്‍ നിറയുകയാണ്.

ഉയര്‍ന്ന വേരിയന്റ് ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 470 കിലോമീറ്റര്‍ ദൂരം പറപ്പിക്കാം. ഇത് എതിരാളികളെ അതിശയിപ്പിക്കാന്‍പോന്ന കണക്കാണ്. ബേസ് മോഡലും മോശമല്ല. ഒറ്റത്തവണ ചാര്‍ജ്ജില്‍ 300 കിലോമീറ്ററാണ് സ്റ്റാന്‍ഡാര്‍ഡ് കോനയ്ക്ക് ഓടാന്‍ സാധിക്കുന്നത്. നിലവിലുള്ള കോനയേക്കാള്‍ വലിപ്പക്കൂടുതലുണ്ട് പുതിയ ഇലക്ട്രിക് കോനക്ക്.

സ്റ്റാന്‍ഡാര്‍ഡ് കോനയില്‍ 39.2 കിലോവാട്ട് ബാറ്ററിയും എക്‌സ്റ്റന്‍ഡ് എന്നുപേരായ ഉയര്‍ന്ന വേരിയന്റില്‍ 64 കിലോവാട്ട് ബാറ്ററിയുമാണ് കരുത്ത് പകരുന്നത്. ഈ വര്‍ഷം നടക്കുന്ന ജനീവ ഓട്ടോ ഷോയില്‍ വാഹനം പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് കൊറിയയിലും യൂറോപ്യന്‍ രാജ്യങ്ങളിലും വാഹനം വില്‍പനയ്‌ക്കെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top