സന്തോഷ് ട്രോഫി അവസാനഘട്ട പരിശീലന ക്യാംപ് തുടങ്ങി; ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ 19-ന് ആരംഭിക്കും

പ്രതീകാത്മക ചിത്രം

കൊച്ചി: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിനുള്ള അവസാനഘട്ട പരിശീലന ക്യാംപ് ആരംഭിച്ചു. കാലിക്കറ്റ് സര്‍വകലാശാല കോളെജ് മൈതാനയിലാണ് പരിശീലനം നടക്കുന്നത്. മുഖ്യപരിശീലകനായ സതീവന്‍ ബാലന്റെ കീഴില്‍ 14-വരെ ക്യാംപ് തുടരും. പത്തൊമ്പതിനാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കുക. ആദ്യ മത്സരത്തില്‍ കേരളം ചണ്ഡിഗഡിനെ നേരിടും.

ഇക്കുറി കേരളം കരുത്തന്മാരുടെ ഗ്രൂപ്പിലാണ് കളിക്കുക. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളും ആതിഥേയരുമായ ബംഗാള്‍, മുന്‍ചാമ്പ്യന്മാരായ മഹാരാഷ്ട്ര, മണിപ്പൂര്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുടീമുകള്‍. എസ്ബിഐ താരവും നായകനുമായ രാഹുല്‍രാജ്, ഉപനായകന്‍ സീസന്‍ സെല്‍വന്‍, ലിജോ, ഗോള്‍കീപ്പര്‍ മിഥുന്‍ എന്നിവര്‍ അഖിലേന്ത്യാ ബാങ്ക് ടൂര്‍ണമെന്റിന് പോയിരിക്കുന്നതിനാല്‍ ക്യാംപില്‍ എത്തിയിട്ടില്ല. ഇവര്‍ ആറിന് മാത്രമേ തിരിച്ചെത്തുകയുള്ളു. നിലവിലെ ടീമംഗങ്ങളായ ഇരുപതുപേര്‍ക്ക് പുറമേ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ക്യാംപിലുണ്ടായിരുന്ന താരങ്ങളും ക്യാംപില്‍ പങ്കെടുക്കുന്നുണ്ട്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇവരില്‍ നിന്നായിരിക്കും അന്തിമ ടീമിനെ തെരഞ്ഞെടുക്കുക.

ലീഗ് ഘട്ടത്തിലെ നാല് കളികളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ടുടീമുകള്‍ സെമിഫൈനലില്‍ എത്തും. ബംഗളരുവില്‍ നടന്ന യോഗ്യതാ മത്സരങ്ങളില്‍ തമിഴ്‌നാട്, ആന്ധ്രപ്രദേശ് ടീമുകളെ മറികടന്നാണ് കേരളം ഒരിക്കല്‍ കൂടി യോഗ്യതാ ഘട്ടത്തില്‍ പ്രവേശിച്ചത്. ആന്ധ്രയെ എതിരില്ലാത്ത ഏഴുഗോളിന് മറകടന്നപ്പോള്‍ തമിഴ്‌നാടിനോട് സമനിലയില്‍ പിരിയുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top