ഐഎസ്എല്‍: കലിപ്പുപോലും അടക്കാനാവാതെ ബ്ലാസ്‌റ്റേഴ്‌സ്; അവസാന കളിയിലും വന്‍ തോല്‍വി


തൊണ്ണൂറ് മിനുട്ടുകളും പിടിച്ചുനിന്നശേഷം ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സിന് തോല്‍വിപിണഞ്ഞു. വളരെ മോശമായ കളിയാണ് തൊണ്ണൂറ് മിനുട്ടും ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്. പ്രതിരോധമായിരുന്നു ഭേദം എങ്കിലും അവസാന നിമിഷങ്ങളില്‍ അതും ബ്ലാസ്‌റ്റേഴ്‌സ് തുലച്ചു.

എതിരില്ലാത്ത രണ്ടുഗോളിനാണ് ബംഗളുരു ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. തൊണ്ണൂറ്റിയൊന്നാം മിനുട്ടിലും തൊണ്ണൂറ്റി മൂന്നാം മിനുട്ടിലുമായിരുന്നു ഗോളുകള്‍. മിക്കുവും ഉടാന്തയും ബംഗളുരുവിനായി വലകുലുക്കി.

വിനീതിന് നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും അവയൊന്നും ഗോളാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പലപ്പോഴും ആരാധകര്‍ക്ക് ദു:ഖമുണ്ടാക്കുന്ന തരത്തിലുള്ള തീര്‍ത്തും നിലവാരം കുറഞ്ഞ കളിയും ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തു. റഫറിയും പലപ്പോഴും ബ്ലാസ്റ്റേഴ്‌സിനൊപ്പം നിന്നു. എങ്കിലും അവയൊന്നും മുതലാക്കാന്‍ കേരളത്തിന്റെ ടീമിനായില്ല.

ഏതൊരു ബ്ലാസ്‌റ്റേഴ്‌സ് ആരാധകനും മൂക്കത്ത് വിരല്‍വയ്ക്കും മാച്ച് സ്റ്റാറ്റിസ്റ്റിക്‌സിലേക്ക് ഒന്നു കണ്ണോടിച്ചാല്‍. കേരളത്തിന് വെറും 44% ബോള്‍ പൊസഷന്‍ മാത്രം. ബംഗളുരു 11 ഷോട്ടുകള്‍ തൊടുത്തപ്പോള്‍ കേരളം തൊടുത്തത് രണ്ടേരണ്ട് ഷോട്ടുകള്‍ മാത്രം. മൂന്ന് ഷോട്ട് ഓണ്‍ ടാര്‍ഗറ്റുകളില്‍ രണ്ടും ബംഗളുരു ഗോളാക്കിയപ്പോള്‍ ടാര്‍ഗെറ്റിലേക്ക് പോയ ബോള്‍ കേരളത്തിന് ഒരെണ്ണം പോലുമില്ല. എങ്ങനെ തീര്‍ത്തും മോശമായ ഒരു ടീമിനെ നേരിടണമോ അതുപോലയാണ് ബംഗളുരു ബ്ലാസ്‌റ്റേഴ്‌സിനെ സമീപിച്ചത്.

ബ്ലാസ്‌റ്റേഴ്‌സിലുള്ള പല കളിക്കാരുടേയും അവസാന മത്സരമായിരുന്നു ഇന്നത്തേത്. അടുത്ത സീസണില്‍ എതൊക്കെ കളിക്കാരെ നിലനിര്‍ത്താനാണ് മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നത് എന്നത് പ്രവചനാതീതമാണ്. ബ്രൗണ്‍ ഇറങ്ങിയെങ്കിലും ബെര്‍ബറ്റോവ് മൈതാനത്തിറങ്ങിയില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top