ശ്രീദേവിയുടെ വസതിയിലേക്ക് ആരാധക പ്രവാഹം, സംസ്‌കാരം നാളെ മുംബെെയില്‍

മുംബൈ: അന്തരിച്ച നടി ശ്രീദേവിയുടെ സംസ്‌കാരം നാളെ വൈകീട്ട് മൂന്നരയ്ക്ക് മുംബൈയില്‍ നടക്കും. വിലെപേരല്‍ സേവ സമാജ് ശ്മശാനത്തിലാണ് സംസ്‌കാരം. രാവിലെ 9;30 മുതല്‍ 12;30 വരെ അന്ധേരിയിലെ വസതിയ്ക്ക് സമീപമുള്ള സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. അവിടെ നിന്ന് രണ്ടു മണിയോടെ മൃതദേഹം വിലാപയാത്രയായി പവന്‍ ഹാന്‍സിലെ വിലെ പാര്‍ലെ ശ്മശാനത്തിലേക്ക് കൊണ്ടുപോകും.

മൂന്നരയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ദുബായിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി മൃതദേഹവുമായി പ്രത്യേക വിമാനം മുംബൈയിലേക്ക് പുറപ്പെട്ടു. ശ്രീദേവിയുടെ മുംബൈയിലുള്ള വസതിയിലേക്ക് ആരാധകരുടെ പ്രവാഹമാണ്. ചലച്ചിത്ര ടിവി താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് വസതിയിലേയ്‌ക്കെത്തുന്നത്. ശ്രീദേവിയുടെ മരണം സംബന്ധിച്ച് കപൂര്‍ കുടുംബം പുറത്തിറക്കിയ പത്രകുറിപ്പിലാണ് സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

അതേസമയം ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം അവസാനിപ്പിച്ചതായി ദുബായ് പൊലീസ് അറിയിച്ചു. ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവെച്ചു. മരണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മൃതദേഹം വിട്ടുനല്‍കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top