‘ആത്മാഭിമാനം മുറിവേറ്റതുകൊണ്ടാണ് ബന്ധം വേര്‍പ്പെടുത്തിയത്, സിനിമയില്‍ ജോലി ചെയ്തിട്ടും പ്രതിഫലം തന്നില്ല’; കമല്‍ഹാസനെതിരെ ഗുരുതര ആരോപണവുമായി ഗൗതമി

ഫയല്‍ചിത്രം

നടന്‍ കമല്‍ഹാസനുമായുള്ള ബന്ധം താന്‍ അവസാനിപ്പിച്ചത് തന്റെ ആത്മാഭിമാനത്തിന് മുറിവേറ്റതോടെയാണെന്ന് നടി ഗൗതമി. രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച കമലിന് പിന്നില്‍ ഗൗതമിയുണ്ടെന്ന പ്രചരണത്തിനെതിരെ തന്റെ ബ്ലോഗിലൂടെയാണ് ഗൗതമി പ്രതികരിച്ചത്.

നിലവില്‍ തനിക്ക് കമലുമായി വ്യക്തിപരമായോ തൊഴില്‍ പരമായോ ബന്ധമില്ലെന്ന് വ്യക്തമാക്കുന്ന ഗൗതമി ഇരുവരും ബന്ധം അവസാനിപ്പിച്ചതിനെപറ്റിയും ബ്ലോഗില്‍ പറയുന്നുണ്ട്. കമലിന്റെ സിനിമകളില്‍ വസ്ത്രാലങ്കാരം അടക്കം നിര്‍വഹിച്ച തനിക്ക് പ്രതിഫലം നല്‍കാതെ വഞ്ചിച്ചതായും ഗൗതമി ആരോപിക്കുന്നു.

പരസ്പര ബഹുമാനവും ആത്മാര്‍ത്ഥയും നിലനിര്‍ത്താന്‍ കഴിയാതെ വന്നതും ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ തനിക്ക് താല്‍പര്യമില്ലാത്തതിനാലുമാണ് പിരിഞ്ഞതെന്നും ഗൗതമി പറയുന്നു. കമലിനോടൊപ്പം ജീവിതം തുടങ്ങിയതോടെ സിനിമാഭിനയം നിര്‍ത്തിയെന്ന് ഗൗതമി പറയുന്നു. പിന്നീട് കമലിന്റെ നേതൃത്വത്തില്‍ നിര്‍മാണകമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിച്ച സിനിമകള്‍ക്കുവേണ്ടി വസ്ത്രാലങ്കാരം നിര്‍വഹിച്ചു.

മറ്റ് നിര്‍മാണകമ്പനികള്‍ക്കുവേണ്ടി കമല്‍ അഭിനയിച്ച സിനിമകളിലും വസ്ത്രാലങ്കാരം ചെയ്തു. വിശ്വരൂപം പോലുള്ള കമലിന്റെ സിനിമകളില്‍ വസ്ത്രാലങ്കാരം ചെയ്തതിന് തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്നും ഗൗതമി ആരോപിക്കുന്നു. അതില്‍ തനിക്ക് വലിയൊരി തുക ലഭിക്കാനുണ്ടെന്നും ഗൗതമി പറയുന്നു.

വിവാഹകഴിച്ചില്ലെങ്കിലും 13 വര്‍ഷമായി ജീവിതപങ്കാളിയായി കഴിഞ്ഞ കമലും ഗൗതമിയും 2016 ഒക്ടോബറിലാണ് പിരിയുന്നത്. എന്നാല്‍ അന്ന് ബന്ധം അവസാനിപ്പിക്കുന്നതിനെകുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. എഐഡിഎംകെ നേതാക്കളാണ് കമലും ഗൗതമിയും തമ്മില്‍ ഇപ്പോഴും ബന്ധമുണ്ടെന്നും കമലിന്റെ പാര്‍ട്ടിയ്ക്ക് പണമെത്തുന്നത് ഗൗതമി വഴിയാണെന്നും ആരോപിച്ചത്. ഇതിനോടായിരുന്നു ഗൗതമിയുടെ പ്രതികരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top