അനിശ്ചിതത്വം തുടരുന്നു; ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്താന്‍ വെെകുമെന്ന് സൂചന

ഫയല്‍ചിത്രം

ദുബായ്: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. അപകടമരണമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കും പരിശോധനകളിലേക്കും കടക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. മരണത്തില്‍ അവ്യക്തത തുടരുന്നതിനാല്‍ ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പൊലീസ് ചോദ്യം ചെയ്തിരുന്നു.

ശ്രീദേവിയുടേത് അപകടമരണമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയില്ലാതെ മൃതദേഹം നാട്ടിലെത്തിക്കാനാകില്ല. പബ്ലിക് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയാല്‍ മാത്രമേ മൃതദേഹം വിട്ടുനില്‍കൂയെന്ന് ദുബായ് പൊലീസ് അറിയിച്ചു. മൃതദേഹം വിട്ടുനല്‍കണമെങ്കില്‍ ഒരു ക്ലിയറന്‍സ് കൂടി പൂര്‍ത്തിയാക്കണമെന്നാണ് ദുബായ് പൊലീസ് വ്യക്താക്കിയത്.

നടപടികളെല്ലാം പൂര്‍ത്തിയാക്കി വൈകീട്ടോടെ മൃതദേഹം നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്ത്യന്‍ എംബസിയുടേയും കോണ്‍സുലേറ്റിന്റെയും നേതൃത്വത്തില്‍ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിമാക്കി.

ശ്രീദേവിയുടെ മരണം ഹൃദയാഘാതം മൂലമല്ലെന്നും മുങ്ങിമരണമാണ് സംഭവിച്ചതെന്നുമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. ബാത്ത് ടബ്ബില്‍ മുങ്ങിമരണമാണ് സംഭവിച്ചതെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ശ്രീദേവി മരിച്ചത് വിവാഹാഘോഷത്തിനിടെയാണ് എന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. യുഎഇയിലെ റാസല്‍ഖൈമയില്‍ ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹചടങ്ങിനിടെ ശനിയാഴ്ച രാത്രിപതിനൊന്നരയോടെ ശ്രീദേവി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ റാസല്‍ഖൈമയിലെ ചടങ്ങിന് ശേഷം ശ്രീദേവി കുടുംബസമേതം ദുബായില്‍ താമസിച്ചിരുന്ന എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ തിരികെയെത്തിയെന്നും ഇവിടെവച്ച് ബാത്ത് റൂമില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് മരണമുണ്ടായതെന്നുമുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം വെെകുന്നേരത്തോടെയെത്തിയിരുന്നു.

എന്നാല്‍ ബാത്ത് ടബ്ബില്‍ മുങ്ങിയാണ് മരണമുണ്ടായതെന്ന് ഫോറന്‍സിക് അധികൃതര്‍ നടത്തിയ വിദഗ്ധപരിശോധനയില്‍ വ്യക്തമാകുകയായിരുന്നു. അപകടത്തില്‍പ്പെട്ട് മുങ്ങിമരിച്ചെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്നലെ വൈകുന്നേരം മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് അറിയിച്ചിരുന്നുവെങ്കിലും ഫോറന്‍സിക് പരിശോധന വൈകിയതിനെ തുടര്‍ന്ന് ഇതിന് സാധിച്ചില്ല. ഇന്നലെ വൈകുന്നേരത്തോടെ അനില്‍ അംബാനിയുടെ സ്വകാര്യവിമാനം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോരാന്‍ ദുബായില്‍ എത്തിയിരുന്നു. എന്നാല്‍ നടപടിക്രമം വൈകിയത് മൂലം മൃതദേഹവുമായി പോരാന്‍ കഴിഞ്ഞിരുന്നില്ല.

അതേസമയം, ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ മദ്യലഹരിയില്‍ ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചതാകുമെന്ന് സംശയിക്കപ്പെടുന്നുണ്ടെങ്കിലും മരണത്തിലെ ദുരൂഹത മാറാന്‍ ഏറെ സമയമെടുക്കും. ബാത്ത് റൂമില്‍ വീണുകിടക്കുന്ന നിലയില്‍ ശ്രീദേവിയെ ഭര്‍ത്താവ് ബോണി കപൂര്‍ കണ്ടെത്തിയെന്നും തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നുവെന്നുമാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top