നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത; മുങ്ങിമരണമെന്ന് ഫോറന്‍സിക് ഫലം

ശ്രീദേവി

ദുബായി: കഴിഞ്ഞദിവസം ദുബായില്‍ മരിച്ച നടി ശ്രീദേവിയുടെ മരണം ഹൃദയാഘാതം മൂലമല്ലെന്നും മുങ്ങിമരണമാണ് സംഭവിച്ചതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട്. ബാത്ത് ടബ്ബില്‍ മുങ്ങിമരണമാണ് സംഭവിച്ചതെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ശ്രീദേവി മരിച്ചത് വിവാഹാഘോഷത്തിനിടെയാണ് എന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. പിന്നീട് ദുബായിലെ താമസിക്കുന്ന ഹോട്ടലില്‍ ബാത്ത് റൂമില്‍ കുഴഞ്ഞു വീണാണ് മരിച്ചതെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. ഇതിന് പിന്നാലെയാണ് മരണം ബാത്ത് ടബ്ബില്‍ മുങ്ങിയാണ് സംഭവിച്ചതെന്ന് വ്യക്തമായിരിക്കുന്നത്.

യുഎഇയിലെ റാസല്‍ഖൈമയില്‍ ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹചടങ്ങിനിടെ ശനിയാഴ്ച രാത്രിപതിനൊന്നരയോടെ ശ്രീദേവി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ റാസല്‍ഖൈമയിലെ ചടങ്ങിന് ശേഷം ശ്രീദേവി കുടുംബസമേതം ദുബായില്‍ താമസിച്ചിരുന്ന എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ തിരികെയെത്തിയെന്നും ഇവിടെവച്ച് ബാത്ത് റൂമില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് മരണമുണ്ടായതെന്നുമുള്ള വാര്‍ത്തകള്‍ ഇന്നലെ വൈകുന്നേരത്തോടെയെത്തിയിരുന്നു.

എന്നാല്‍ ബാത്ത് ടബ്ബില്‍ മുങ്ങിയാണ് മരണമുണ്ടായതെന്ന് ഫോറന്‍സിക് അധികൃതര്‍ നടത്തിയ വിദഗ്ധപരിശോധനയില്‍ വ്യക്തമാകുകയായിരുന്നു. അപകടത്തില്‍പ്പെട്ട് മുങ്ങിമരിച്ചെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഞായറാഴ്ച തന്നെ ഫോറന്‍സിക് പരിധോനയ്ക്കായി മൃതദേഹം മാറ്റിയിരുന്നുവെങ്കിലും ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാകാന്‍ വൈകിയത് ഏറെ സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. ഇന്നലെ വൈകുന്നേരം മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് അറിയിച്ചിരുന്നുവെങ്കിലും ഫോറന്‍സിക് പരിശോധന വൈകിയതിനെ തുടര്‍ന്ന് ഇതിന് സാധിച്ചില്ല. ഇന്നലെ വൈകുന്നേരത്തോടെ അനില്‍ അംബാനിയുടെ സ്വകാര്യവിമാനം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോരാന്‍ ദുബായില്‍ എത്തിയിരുന്നു. എന്നാല്‍ നടപടിക്രമം വൈകിയത് മൂലം മൃതദേഹവുമായി പോരാന്‍ കഴിഞ്ഞിരുന്നില്ല.

അതേസമയം, ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ മദ്യലഹരിയില്‍ ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചതാകുമെന്ന് സംശയിക്കപ്പെടുന്നുണ്ടെങ്കിലും മരണത്തിലെ ദുരൂഹത മാറാന്‍ ഏറെ സമയമെടുക്കും. ബാത്ത് റൂമില്‍ വീണുകിടക്കുന്ന നിലയില്‍ ശ്രീദേവിയെ ഭര്‍ത്താവ് ബോണി കപൂര്‍ കണ്ടെത്തിയെന്നും തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകുകകയായിരുന്നുവെന്നുമാണ് ഇന്നലെ വൈകുന്നേരം വന്ന വാര്‍ത്തകള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top