ബ്ലാസ്റ്റേഴ്‌സിന് സെമിയില്‍ കടക്കാന്‍ വേണം അത്ഭുതങ്ങള്‍; ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെ

ബിനു തോമസ്‌

കേരളാ ബ്ലാസ്റ്റേഴ്‌സിന് സെമിയില്‍ കടക്കാനുള്ള സാധ്യതകള്‍ ഏകദേശം അവസാനിച്ചു. ഇനി സാങ്കേതികമായി മാത്രമേ സാധ്യതകള്‍ ഉണ്ട് എന്ന് പറയാനാകൂ. എന്താണ് ഈ സാധ്യതകള്‍ എന്ന് പരിശോധിക്കാം.

എന്തായാലും ഇനിയുള്ള കളികള്‍ നന്നായി കളിച്ചാല്‍ സെമിയില്‍ കയറാം എന്ന് പറയാവുന്ന ഘട്ടം കഴിഞ്ഞു. ആകെയവശേഷിക്കുന്നത് ഒരേയൊരു കളി ഇതെങ്കിലും ജയിക്കും എന്ന് സങ്കല്‍പിക്കുക. അങ്ങനെ ജയിക്കുന്നതോടെ നിലവില്‍ 25 പോയന്റുകള്‍ സ്വന്തമായുള്ള കേരളത്തിന് 28 പോയന്റ് ലഭിക്കും.

ബംഗലുരു 34 പോയന്റുമായി സെമി ഉറപ്പിക്കുന്നു. രണ്ട് കളികള്‍ ഇവര്‍ക്ക് ബാക്കിയുണ്ടുതാനും. എടികെയും ഡെല്‍ഹിയും നോര്‍ത്ത് ഈസ്റ്റും ലീഗില്‍നിന്ന് പുറത്തായി. അതുകൊണ്ടുതന്നെ കണക്കിന്റെ കളികളില്‍ ഇവരുടെ വിജയവും പരാജയവും ഇവരുടെ സ്ഥാനത്തില്‍ യാതൊരു സ്വാധീനവും ചെലുത്തില്ല. എന്നാല്‍ ഈ നാല് ടീമുകള്‍ ഇനി വിജയിക്കേണ്ടത് ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യമാണ്. ബ്ലാസ്റ്റേഴ്‌സിനോട് ഏറ്റുമുട്ടുമ്പോള്‍ മാത്രം ബംഗളുരു തോല്‍ക്കുകയും വേണം!
എന്നാല്‍ ഇന്നത്തെ ഡെല്‍ഹി-എടികെ മത്സരത്തില്‍ ആര്‍ ജയിച്ചാലും കണക്കാണ്.

കേരളത്തിന് വെല്ലുവിളിയുയര്‍ത്തുന്നത് 3 ടീമുകളാണ്- ജംഷഡ്പൂര്‍, മുംബൈ, ഗോവ. കേരളമുള്‍പ്പെടെയുള്ള ഈ അഞ്ച് ടീമുകളില്‍ ആരുവേണമെങ്കിലും സെമിയിലെത്താം. പോയന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തുള്ള ചെന്നൈ പോലും സെമിയിലെത്തിയേക്കില്ല എന്നുപറയുമ്പോഴാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അഞ്ചാം സ്ഥാനം കയ്യാലപ്പുറത്താകുന്നത്.

രണ്ടാം സ്ഥാനത്തുള്ള പൂനെയും ചെന്നൈയിനൊടൊപ്പം 29 പോയന്റുകള്‍ മാത്രമാണ് കൈവശം വയ്ക്കുന്നത്. എന്നാല്‍ 13 എന്ന അത്യുഗ്രന്‍ ഗോള്‍ ശരാശരി പൂനെയെ വേറിട്ടുനിര്‍ത്തുന്നു. ചെന്നൈയ്ക്ക് 4 മാത്രമാണിത്. എന്നാല്‍ പൂനെയ്ക്കും ചെന്നൈയ്ക്കും ഇനി ബ്ലാസ്റ്റേഴ്‌സിന്റെ പിന്നില്‍ പോവുക സാധ്യമല്ല. അതുകൊണ്ടുതന്നെ കേരളം അകത്താവുകയും ചെന്നൈയും പൂനെയും പുറത്താവുകയും ചെയ്യുക എന്ന സാധ്യത ഇല്ലേയില്ല. ഒന്നുകില്‍ പൂനെയുടേയും ചെന്നൈയുടേയുമൊപ്പം കേരളം അകത്താകും അല്ലെങ്കില്‍ രണ്ട് ടീമുകളും പിന്നിലാവുകയും പൂനെ നാലാം സ്ഥാനത്തെങ്കിലും നില്‍ക്കുകയും ചെയ്യും.

അങ്ങനെ ആദ്യ മൂന്നിലെത്താന്‍ ഏറ്റവും സാധ്യതയുളള ടീം കോപ്പലാശാന്റെ ജംഷഡ്പൂരാണ്. അതുകൊണ്ടുതന്നെ കേരളത്തെ ഇനി ഏറ്റവും സ്വാധീനിക്കുന്നതും ഇവരുടെ ജയപരാജയങ്ങള്‍ തന്നെ. 26 പോയന്റുണ്ട് ടീമിന്. ഇനി രണ്ട് കളികള്‍ മിച്ചം. രണ്ട് കളികളും ജയിച്ചാല്‍ ഇവര്‍ക്ക് 32 പോയന്റുകളാകും. ഒരുകളി ജയിച്ചാല്‍ പോലും 29 പോയന്റാകും. ഒരു കളി ജയിക്കുകയും ഒന്ന് സമനിലയില്‍ ആയാല്‍ 30 പോയന്റാകും (ഓര്‍ക്കുക, ബ്ലാസ്‌റ്റേഴ്‌സിന് 28 പോയന്റുകള്‍ എന്ന കണക്കിലാണ് ഈ സാധ്യതകള്‍).

രണ്ട് സമനില ലഭിച്ചാല്‍ പോലും ബ്ലാസ്‌റ്റേഴ്‌സിനൊപ്പം 28 പോയന്റുകളാകും ജംഷഡ്പൂരിന്. ഈയവസ്ഥ സംജാതമായാല്‍ ജംഷഡ്പൂര്‍ ഗോള്‍ശരാശരിയില്‍ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളും. ചുരുക്കത്തില്‍ ജംഷഡ്പൂര്‍ ഇനി രണ്ട് കളികളിലും തോല്‍ക്കണം. എങ്കില്‍ 26 പോയന്റില്‍ അവര്‍ തളയ്ക്കപ്പെടും. ഇനിയിപ്പോള്‍ ഒരു കളിയില്‍ സമനില ലഭിച്ചാലും പ്രശ്‌നമില്ല.

ഗോവ വെറും 15 കളികള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. 21 പോയന്റുകള്‍ കൈവശമുണ്ടുതാനും. ഇനിയും പോയന്റ് 30 ആക്കാന്‍ അവസരം! ഗോവയ്ക്ക് രണ്ട് കളികള്‍ വരെ ജയിക്കാം. അപ്പോള്‍ 27 പോയന്റുകള്‍ ലഭിക്കും. ഇങ്ങനെ സംഭവിച്ചാല്‍ ഒരു കളിയെങ്കിലും തോല്‍ക്കണം. അത് സമനിലയാകാന്‍ പോലും പാടില്ല. മൂന്ന് ജയമോ രണ്ട് ജയവും ഒരു സമനിലയും എന്ന ഫലമോ ഒഴിച്ച് ബാക്കിയെന്തുമാകാം.

ഇനി മുംബൈയാണ്. 16 കളികള്‍. 23 പോയന്റുകള്‍. ഇനിയുള്ള രണ്ട് കളികളും വിജയിച്ചാല്‍ 29 പോയന്റുകളാകും. എന്നാല്‍ ചെന്നൈയിനും പൂനെയും ഒരേ പോയന്റുകളാണെങ്കില്‍കൂടി മുംബൈയ്ക്ക് പിന്നിലാവില്ല. ഗോള്‍ ശരാശരി മുംബൈയ്ക്ക് 1 മാത്രമാണ്. എങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പിന്നിലാകും. അതിനാല്‍ മുംബൈക്ക് ഒരു കളിവരെ ജയിക്കാം. ഒരു കളി സമനിലയെങ്കിലുമാകണം, അതിനപ്പുറം പാടില്ല.

ഞായറാഴ്ച്ച പൂനെയും ഗോവയും കളിക്കുമ്പോള്‍ ഗോവ പരാജയപ്പെടണം. ഞായറാഴ്ച്ച നടക്കുന്ന രണ്ടാം കളിയില്‍ ജംഷഡ്പൂര്‍ ബംഗളുരുവിനോട് പരാജയപ്പെടണം. 27ന് ഡെല്‍ഹി മുംബൈയെ തോല്‍പ്പിക്കണം. 28ന് ഗോവയെ എടികെ തോല്‍പ്പിക്കണം. മാര്‍ച്ച് 1ന് ബ്ലാസ്റ്റേഴ്‌സ് ബംഗളുരുവിനെ തോല്‍പ്പിക്കണം. മാര്‍ച്ച് 2ന് ഡെല്‍ഹിയും പൂനെയും ഏറ്റുമുട്ടുമ്പോള്‍ ആര് ജയിച്ചാലും കുഴപ്പമില്ല. 3ന് ചെന്നൈയും മുംബൈയും ഏറ്റുമുട്ടുമ്പോള്‍ ചെന്നൈ വിജയിക്കണം.

നാലാം തീയതി നടക്കുന്ന ജംഷഡ്പൂര്‍-ഗോവ കളിയാണ് ഉറ്റുനോക്കേണ്ട മത്സരം. ഇരുടീമുകളും ബ്ലാസ്‌റ്റേഴ്‌സിനെ ചവിട്ടിപ്പുറത്താക്കാന്‍ തക്കം പാര്‍ക്കുന്നു. ആരും ജയിക്കരുത്. സമനിലയാകണം ഫലം. നേരത്തെ വിജയമൊന്നുമില്ലെങ്കില്‍ ഗോവ ഈ കളി വിജയിച്ചാലും പ്രശ്‌നമില്ല. രണ്ടാം മത്സരത്തില്‍ എടികെ നോര്‍ത്ത് ഈസ്റ്റിനെ നേരിടുമ്പോള്‍ ഫലം എന്തുമാകാം.

ഇത്രയും കാര്യങ്ങള്‍ ക്രമമനുസരിച്ച് നടക്കണം. ഒന്നോ രണ്ടോ മത്സരങ്ങള്‍ അങ്ങനെയല്ലാതെ സംഭവിച്ചാല്‍ പോലും സാധ്യത അവശേഷിക്കുന്നു. ബംഗളുരുവുമായി ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടാല്‍ ഈ കണക്കുകളെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയാകും. ഫെബ്രുവരി 25 ഞായറാഴ്ച്ചയോ മാര്‍ച്ച് നാലിനോ ജംഷഡ്പൂര്‍ ജയിച്ചാലും അങ്ങനെതന്നെ. ഇത്തരത്തില്‍ ഒരു അത്ഭുതമാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അത്ഭുതങ്ങളിലൂടെ ബ്ലാസ്റ്റേഴ്‌സ് മുമ്പും അകത്തുകടന്നിട്ടുണ്ടുതാനും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top