‘അവന്റെ തൊലിയുടെ നിറവും വസ്ത്രധാരണവുമാണോ നിങ്ങളുടെ പ്രശ്‌നം, കൊന്ന് കഴിഞ്ഞെങ്കില്‍ തിന്നുക’; അട്ടപ്പാടി സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമിരമ്പുന്നു

ആള്‍ക്കൂട്ടകൊലപതാകങ്ങള്‍ കേരളത്തിന് ഇന്ന് പുത്തരിയല്ല. അതിന്റെ ഭീകരത പലരിലൂടെയും നാം കണ്ടു. പേര് അറിയാത്ത അന്യസംസ്ഥാന തൊഴിലാളികള്‍, ട്രാന്‍സ്‌ജെന്ററുകള്‍, സ്ത്രീകള്‍ കൂട്ടമായി തല്ലിയ മാനസിക നില തെറ്റിയ സ്ത്രീ ഇങ്ങനെ നീളും ആ പട്ടിക.  നിസഹായരായ ഈ മനുഷ്യരുടെ രോദനം കേരളം കണ്ടതാണ്. അതിജീവിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പ്രവണത സാംസ്‌കാരിക കേരളത്തില്‍ പരക്കെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. മനോനില തെറ്റിയ രോഗിയായ ആ മനുഷ്യനെ ആള്‍ക്കൂട്ട വിചാരണ നടത്തുന്ന ദൃശ്യം ഹൃദയഭേദകമാണ്.

പ്രദേശത്തെ കടകളില്‍ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്നാരോപിച്ചാണ് അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ നാട്ടുകാര്‍ പിടികൂടിയത്. പിടികൂടിയതിന് പിന്നാലെ മര്‍ദനവും തുടങ്ങി. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയിട്ടായിരുന്നു മര്‍ദനം. ഇതിന്റെ വീഡിയോ പകര്‍ത്താനും നാട്ടുകാര്‍ മറന്നില്ല.

മധുവിനെ മര്‍ദിക്കുന്നത് പശ്ചാത്തലമാക്കി സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത യുവാക്കള്‍ കേരളത്തിന്റെ മാറിയ മാനസികാവസ്ഥയുടെ ചെറിയൊരു ഉദാഹരണം മാത്രം.  നിയമം കൈയിലെടുക്കുന്ന ഇത്തരം ആള്‍ക്കൂട്ടങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമായി സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കണ്ടുവരുന്ന ജാതിവെറികളും ആള്‍ക്കൂട്ട വിചാരണയും കേരളത്തിലും എത്തുന്നുവെന്നത് ഏറെ ഭീതിയുണ്ടാക്കുന്നതാണ്. അവന്റെ തൊലിയുടെ നിറവും വസ്ത്രധാരണവുമാണോ നിങ്ങളുടെ പ്രശ്‌നം എന്നത് മാറിയ മലയാളികളുടെ മാനസികനിലയോടുള്ള ചോദ്യമാണ്. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top